കോഹ്ലി ട്വന്റി20 ക്യാപ്റ്റന്‍ സ്ഥാനം ഒഴിയും; ടെസ്റ്റിലും ഏകദിനത്തിലും തുടരും

യുഎഇ ആതിഥ്യം വഹിക്കുന്ന ലോക കപ്പിനുശേഷം ഇന്ത്യന്‍ ട്വന്റി20 ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റന്‍ സ്ഥാനം വിരാട് കോഹ്ലി ഒഴിയും. വിരാട് തന്നെയാണ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്. എന്നാല്‍ ടെസ്റ്റ്, ഏകദിന ടീമുകളുടെ നായക പദവിയില്‍ തുടരുമെന്ന് കോഹ്ലി വ്യക്തമാക്കിയിട്ടുണ്ട്.

ആറ് വര്‍ഷമായി മൂന്ന് ഫോര്‍മാറ്റുകളിലെയും ക്യാപ്റ്റന്‍സി വഹിക്കുന്നതായും ജോലിഭാരം കുറയ്ക്കുന്നതിനാണ് ട്വന്റി20യിലെ നായകത്വം ഒഴിയുന്നതെന്നും കോഹ്ലി അറിയിച്ചു. ഏകദിന, ടെസ്റ്റ് ടീമുകളുടെ ക്യാപ്റ്റന്‍സില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും കോഹ്ലി വ്യക്തമാക്കി.

ട്വന്റി20 ക്യാപ്റ്റന്‍സിയില്‍ മികച്ച റെക്കോഡുള്ള രോഹിത് ശര്‍മ്മയ്ക്ക് കോഹ്ലി ബാറ്റണ്‍ കൈമാറുമെന്ന് നേരത്തെ തന്നെ സൂചനകളുണ്ടായിരുന്നു.ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനെ അഞ്ച് തവണ രോഹിത് ജേതാക്കളാക്കിയിരുന്നു. റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ നയിക്കുന്ന കോഹ്ലിക്ക് ഒരുവട്ടംപോലും കിരീടം സ്വന്തമാക്കാനായിട്ടില്ല. ഈ ഘടകവും കോഹ്ലിയുടെ തീരുമാനത്തെ സ്വാധീനച്ചെന്ന് വിലയിരുത്തപ്പെടുന്നു.

Image