ഞെട്ടിച്ച് കോഹ്‌ലി, ഇന്ത്യക്കു പിന്നാലെ ആര്‍.സി.ബിയുടെ ക്യാപ്റ്റന്‍ സ്ഥാനവും ഒഴിഞ്ഞു

ഇന്ത്യന്‍ ടി20 ടീമിന്റെ നായകസ്ഥാനം ഒഴിയുന്നതായി പ്രഖ്യാപിച്ചതിനു പിന്നാലെ വിരാട് കോഹ്‌ലി ഐപിഎല്‍ ടീമായ റോയല്‍ ചാലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ നായകസ്ഥാനവും ഒഴിയുന്നതായി പ്രഖ്യാപിച്ചു. ഈ സീസണിലെ ഐപിഎല്ലിനു ശേഷം താന്‍ നായകസ്ഥാനത്തു നിന്നും പടിയിറങ്ങുമെന്നാണ് കോഹ്‌ലി അറിയിച്ചിരിക്കുന്നത്.

ആര്‍സിബിയുടെ ഒഫീഷ്യല്‍ ട്വിറ്റര്‍ ഹാന്റിലിലൂടെ പുറത്തുവിട്ട വീഡിയോയിലൂടെയാണ് നായകസ്ഥാനം ഒഴിയുന്നത് താരം ആരാധകരെ അറിയിച്ചത്. ‘ഐപിഎല്ലിന്റെ രണ്ടാം പാദം ആര്‍സിബിയുടെ ക്യാപ്റ്റനെന്ന നിലയില്‍ എന്റെ അവസാനത്തേത് ആയിരിക്കും. കുറച്ചുകാലമായി എന്റെ മനസ്സിലുള്ള കാര്യമാണിത്. ജോലിഭാരം ലഘൂകരിക്കുന്നതിനു വേണ്ടി അടുത്തിടെ ഇന്ത്യയുടെ ടി20 ക്യാപ്റ്റന്‍സി ഒഴിയുന്നതായും ഞാന്‍ പ്രഖ്യാപിച്ചിരുന്നു. എളുപ്പമുള്ള തീരുമാനമായിരുന്നില്ല ഇത്. മനോഹരമായ ഈ ഫ്രാഞ്ചൈസിയുടെ മികച്ച താത്പര്യം കൂടി പരിഗണിച്ച്, നന്നായി ചിന്തിച്ച ശേഷമെടുത്ത തീരുമാനമാണിത്’ കോഹ്‌ലി പറഞ്ഞു.

2013 മുതല്‍ ബാംഗ്ലൂര്‍ ടീമിന്റെ സ്ഥിരം ക്യാപ്റ്റനാണ് കോഹ്ലി. ഇതുവരെയും ടീമിന് കിരീടം നല്‍കാന്‍ താരത്തിന് കഴിഞ്ഞിട്ടില്ല. നായകസ്ഥാനം ഒഴിയുന്നെങ്കിലും ടീമിനൊപ്പം തുടരുമെന്ന് താരം അറിയിച്ചിട്ടുണ്ട്.