ഇദ്ദേഹം ഇന്ത്യന്‍ കോച്ചാകട്ടെ, നിലപാട് വ്യക്തമാക്കി കോഹ്ലി

ഇന്ത്യന്‍ പരിശീലകനാകാന്‍ അപേക്ഷിക്കാനുളള അവസാന തിയതി ഇന്ന് അവസാനിക്കാനിരിക്കെ ആര് കോച്ചാകണമെന്ന കാര്യത്തില്‍ വ്യക്തമായ സൂചന നല്‍കി ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലി. നിലവിലെ പരിശീലകന്‍ രവി ശാസ്ത്രി തന്നെ തുടരുന്നതാണ് തന്റെ ആഗ്രഹമെന്നാണ് കോഹ്ലി തുറന്ന് പറഞ്ഞത്.

വെസ്റ്റിന്‍ഡീസ് പര്യടനത്തിനായി ടീം ഇന്ത്യ യാത്ര തിരിയ്ക്കും മുന്നോടിയായി കോഹ്ലി നടത്തിയ വാര്‍ത്ത സമ്മേളനത്തിലാണ് താരം ഇക്കാര്യത്തില്‍ തന്റെ നിപാട് വ്യക്തമാക്കിയത്.

രവി ശാസ്ത്രിയുമായി ടീമിന് നല്ല ബന്ധമാണുള്ളതെന്നും, അത് കൊണ്ട് തന്നെ അദ്ദേഹം തുടരുന്നത് എല്ലാവരേയും സന്തോഷപ്പെടുത്തുമെന്നും കോഹ്ലി കൂട്ടിച്ചേര്‍ത്തു.

കോച്ചിനെ തിരഞ്ഞെടുക്കാന്‍ കപിലിന്റെ നേതൃത്വത്തിലുളള ക്രിക്കറ്റ് അഡ് വൈസറി കമ്മറ്റി (സി.എ.സി) ഇക്കാര്യത്തില്‍ താനുമായി ബന്ധപ്പെട്ടിട്ടില്ലെന്ന് കോഹ്ലി പറയുന്നു. തന്നോട് സി.എ.സി ഒന്നും തന്നെ ചോദിച്ചിട്ടില്ലെന്നും, അവര്‍ക്ക് തന്റെ അഭിപ്രായം ആവശ്യമാണെങ്കില്‍ താന്‍ അവരോട് സംസാരിക്കുമെന്നും കോഹ്ലി കൂട്ടിച്ചേര്‍ത്തു.

ഈ മാസം 30-ന് മുമ്പാണ് ഇന്ത്യന്‍ പരിശീലകരാകാന്‍ ആഗ്രഹിക്കുന്നവര്‍ അപേക്ഷ സമര്‍പ്പിക്കണമെന്ന് ബി.സി.സി.ഐ ആവശ്യപ്പെട്ടിരിക്കുന്നത്. ശാസ്ത്രിയ്ക്ക് പുറമെ റോബിന്‍ സിംഗ്, മഹേല ജയവര്‍ധനെ, ഗാരി കിര്‍സ്റ്റന്‍, ടോം മൂഡി, വീരേന്ദര്‍ സെവാഗ്, മൈക്ക് ഹസി തുടങ്ങിയ പ്രമുഖരും മുഖ്യ പരിശീലകനാകാന്‍ മത്സരരംഗത്തുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍.

മുഖ്യ പരിശീലകനെ കൂടാതെ ബാറ്റിംഗ്, ബൗളിംഗ്, ഫീല്‍ഡിംഗ് കോച്ചുമാരെയും ഫിസിയോ, സ്‌ട്രെംഗ് ആന്‍ഡ് കണ്ടീഷനിംഗ് കോച്ച് അഡ്മിനിസ്‌ട്രേറ്റീവ് മാനേജര്‍ എന്നിവരെയും കപില്‍ സമിതി തിരഞ്ഞെടുക്കും.