'കോഹ്ലിയുടെ വീഡിയോ അണ്ണന്റെ കൈയില്‍ ഉണ്ട്..'; ആര്‍സിബി ബാറ്റര്‍മാര്‍ ഉയര്‍ത്തുന്ന ഏതൊരു ലക്ഷ്യത്തോടും എതിരാളികളെ വേഗത്തില്‍ എത്തിക്കുന്ന ചെണ്ട സിറാജ്

ശരണ്‍ കെ ദേവ്

‘കോഹ്ലിയുടെ വീഡിയോ അണ്ണന്റെ കൈയില്‍ ഉണ്ട്..’ ഓരോ തവണ ആര്‍സിബി ലൈനപ്പില്‍ മുഹമ്മദ് സിറാജ് എന്ന പേര് കാണുമ്പോള്‍ പരിഹസിക്കാന്‍ ഉപയോഗിച്ച ട്രോളുകളില്‍ ഒന്ന് ഇങ്ങനെയായിരുന്നു..

അന്നയാള്‍ ചെണ്ട സിറാജ് ആയിരുന്നു. ആര്‍സിബി ബാറ്റേഴ്സ് ഉയര്‍ത്തുന്ന ഏതൊരു ലക്ഷ്യത്തോടും എതിരാളികളെ വേഗത്തില്‍ എത്തിക്കുന്ന ചെണ്ട സിറാജ്, എന്നാല്‍ പരിഹാസത്തിന്റെ, അപമാനത്തിന്റെ വേദനയുടെ ആ കാലത്തും മറ്റൊരാളിലും കാണാന്‍ കഴിയാത്തയത്ര ആത്മവിശ്വാസം പക്ഷേ അയാള്‍ പ്രകടിപ്പിച്ചിരുന്നു, ഓരോ മല്‍സര ശേഷവും ഇന്നത്തെ ദിവസം എനിക്ക് നന്നായി ചെയ്യാന്‍ സാധിച്ചില്ല പക്ഷേ ഞാന്‍ തിരിച്ചു വരുമെന്ന് വീണ്ടും വീണ്ടും അയാള്‍ പറഞ്ഞുകൊണ്ടേയിരുന്നു..

കാലം പിന്നെയും മുന്നോട്ട് പോയി.. ഓസീസ് ക്രിക്കറ്റിന്റെ ആത്മാഭിമാനത്തിന്റെ പ്രതീകമായ ഗാബ്ബയിലെ മൈതാനത്തു ഇന്ത്യന്‍ പെയ്‌സ് നിരയെ മുന്നില്‍നിന്ന് നയിച്ചു ഒരുനാള്‍ അയാള്‍ ടെസ്റ്റിലെ തന്റെ മികച്ച പ്രകടനം പുറത്തെടുത്തു.. ക്രിക്കറ്റിന്റെ മെക്കയില്‍ ബുംറക്കും, ഇഷാന്തിനും, ഷമിക്കുമൊപ്പം അയാള്‍ ഇന്ത്യയെ ചരിത്ര വിജയത്തിന്റെ പൊന്‍കിരീടം ചൂടിച്ചു…. ആന്‍ഡേഴ്സന്റെ സ്റ്റമ്പിള്ളക്കി ചുണ്ടോട് വിരല്‍ ചേര്‍ത്തു വിരാട് കോഹ്ലിക്ക് നേരെ ഓടിയെത്തുന്ന മുഹമ്മദ് സിറാജ് അന്നാ ദിവസം ലോകത്തോട് വിളിച്ചു പറഞ്ഞിരുന്നു ഞാനിതാ വന്നിരിക്കുന്നുവെന്ന്..

ഇന്നയാല്‍ ലോക ഏകദിന ക്രിക്കറ്റിലെ ഒന്നാം നമ്പര്‍ ബൗളറാണ്, എനിക്കുറപ്പുണ്ട് അയാള്‍ ഇതുകൊണ്ടും തൃപ്തനാകില്ല.. ഇനിയുമൊരിപാട് മുന്നോട്ട് കുതിക്കാനുള്ള ഊര്‍ജം വര്‍ഷങ്ങള്‍ നീണ്ട അപമാനത്തിലൂടെ നമ്മള്‍ അയാള്‍ക്ക് നല്‍കിയിട്ടുണ്ട്.. അവയോരോന്നിനെയും വിജയങ്ങളായി, റെക്കോര്‍ഡുകളായി അയാള്‍ തിരികെ തരും..

പ്രിയപ്പെട്ട സിറാജ്, 12 വര്‍ഷങ്ങള്‍ക്ക് ശേഷം നാട്ടിലെത്തുന്ന ലോകകിരീടം ഞങ്ങള്‍ക്ക് വേണം.. രഹാനക്ക് ഗാബയില്‍ കൂട്ടായപോലെ, കോഹ്ലിക്ക് ലോര്‍ഡ്‌സില്‍ ഊര്‍ജ്ജമായപ്പോലെ രോഹിത്തിനൊപ്പം നിങ്ങള്‍ വേണം ത്രിവര്‍ണ പതാക പുതച്ചു ലോകകിരീടത്തെ കെട്ടിപിടിച്ചു കരയുന്ന നിങ്ങളെ ഞങ്ങള്‍ സ്വപ്നം കണ്ടു തുടങ്ങിയിരിക്കുന്നു. ആശംസകള്‍…

Read more

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍