ശങ്കറിനെ അവസാന ഓവര്‍ എറിയിപ്പിച്ചത് ഈ താരങ്ങളാണ്: വെളിപ്പെടുത്തലുമായി കോഹ്ലി

ഓസ്‌ട്രേലിയക്കെതിരെ രണ്ടാം ഏകദിനത്തില്‍ ആവേശകരമായ ജയമാണ് ടീം ഇന്ത്യ സ്വന്തമാക്കിയത്. ആവേശം അവസാന ഓവര്‍ വരെ നീണ്ട മത്സരത്തില്‍ എട്ട് റണ്‍സിനായിരുന്നു ടീം ഇന്ത്യയുടെ ജയം. വിജയമൊരുക്കിയതോ വിജയ് ശങ്കറെന്ന പുതുമുഖ ഓള്‍ റൗണ്ടറും.

അവസാന ഓവറില്‍ വിജയ് ശങ്കര്‍ രണ്ട് വിക്കറ്റുകള്‍ വീഴ്ത്തിയതാണ് ഇന്ത്യയെ ആവേശ ജയത്തിലേക്ക് നയിച്ചത്. മത്സരത്തില്‍ വിജയ് ശങ്കര്‍ അവസാന ഓവര്‍ ചെയ്യാനെത്തിയത് തികച്ചും അപ്രതീക്ഷിതമായിരുന്നു. അതുവരെ ഒരു ഓവര്‍ മാത്രമെറിഞ്ഞ വിജയ് ശങ്കര്‍ വേണ്ടതിലധികം അടി വാങ്ങിയതോടെ കോഹ്ലി താരത്തെ പിന്‍വലിക്കുകയായിരുന്നു.

ധോണിയും രോഹിത് ശര്‍മ്മയുമായി നടത്തിയ ചര്‍ച്ചകള്‍ക്ക് ശേഷമായിരുന്നു മത്സരത്തിന്റെ അവസാന ഓവര്‍ വിജയ് ശങ്കറിന് നല്‍കാന്‍ തീരുമാനിച്ചതെന്ന് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലി മത്സര ശേഷം വെളിപ്പെടുത്തി. മത്സരത്തിന്റെ 46-ം ഓവര്‍ വിജയ് ശങ്കറിനോ, കേദാര്‍ ജാദവിനോ നല്‍കി അവസാന 4 ഓവറുകള്‍ ഷാമിക്കും, ബുംറയ്ക്കും നല്‍കാനായിരുന്നു ആദ്യം കോഹ്ലിയുടെ പദ്ധതി.

എന്നാല്‍ പിന്നീട് ഈ പ്ലാന്‍ മാറ്റുകയായിരുന്നു. ധോണിയും രോഹിത് ശര്‍മ്മയുമായി നടത്തിയ ചര്‍ച്ചകള്‍ പിന്നീട് അവസാന ഓവര്‍ വിജയ് ശങ്കറിനെ കൊണ്ട് എറിയിക്കുന്നതിലേക്ക് നയിച്ചെന്നും, നിര്‍ണായക തീരുമാനങ്ങളെടുക്കാന്‍ ധോണിയും രോഹിത്തും വലിയ രീതിയില്‍ തന്നെ സഹായിച്ചെന്നും കോഹ്ലി മത്സരശേഷം കൂട്ടിച്ചേര്‍ത്തു.