കളി നിര്‍ത്താന്‍ ആംഗ്യം കാണിച്ച് കോഹ്‌ലി, മുടന്തന്‍ന്യായമെന്ന് പറഞ്ഞ് റിഷഭുമായി കയര്‍ത്ത് റൂട്ട്

ഇന്ത്യ ഇംഗ്ലണ്ട് രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്റെ നാലാം ദിനം കളിക്കളത്തില്‍ വാക്കുകള്‍ കൊണ്ട് ഏറ്റുമുട്ടി ഇന്ത്യന്‍ ഇംഗ്ലണ്ട് താരങ്ങള്‍. വിരാട് കോഹ്‌ലിയും ജയിംസ് ആന്‍ഡേഴ്‌സണും വാക്കുകള്‍ കൊണ്ട് കൊമ്പു കോര്‍ത്തതിന് പിന്നാലെ റിഷഭ് പന്തുമായി ജോ റൂട്ട് ഉരസുന്നതും മൈതാനത്ത് കാണാനായി.

വെളിച്ചക്കുറവ് ചൂണ്ടിക്കാട്ടി കളി നേരത്തെ നിര്‍ത്താന്‍ പന്ത് അമ്പയറോട് ആവശ്യപ്പെട്ടതാണ് റൂട്ടിനെ പ്രകോപിപ്പിച്ചത്. ‘വെളിച്ചക്കുറവല്ലേ, കളി നിര്‍ത്തി കയറിപ്പോരൂ’ എന്ന് ലോര്‍ഡ്‌സിലെ ബാല്‍ക്കണിയില്‍ നിന്ന് കോഹ്‌ലി ആംഗ്യം കാണിച്ചിരുന്നു. ഇതിന് പിന്നാലെ പന്തും ഇഷാന്തും അമ്പയര്‍മാരെ സമീച്ച് വിവരം അറിയിച്ചതോടെ വെളിച്ചക്കുറവു മൂലം കളി നിര്‍ത്താന്‍ തീരുമാനമായി.

ഇതിനെയാണ് റൂട്ട് ചോദ്യം ചെയ്തത്. മുടന്തന്‍ന്യായങ്ങള്‍ നിരത്തി കളി നിര്‍ത്താന്‍ നാണമില്ലേ എന്ന തരത്തിലായിരുന്നു പന്തിനോടുള്ള റൂട്ടിന്റെ ശരീരഭാഷ. ഇതിന് പന്ത് എന്തോ മറുപടി പറയുന്നതും കാണാനായി. അവസാന സെഷനില്‍ ന്യൂ ബോള്‍ എടുക്കാന്‍ ഒരുങ്ങിയിരുന്ന ഇംഗ്ലണ്ടിന് ആ അവസരം നല്‍കാതിരിക്കാനായിരുന്നു ബാല്‍ക്കണിയില്‍ നിന്നുള്ള കോഹ്‌ലിയുടെ ഇടപെടല്‍.

Read more

എംസിസി നിയമം അനുസരിച്ച് ഒരു കളിക്കാരന് മോശം വെളിച്ചം ചൂണ്ടി കളി നിര്‍ത്താന്‍ ആവശ്യപ്പെടാന്‍ കഴിയില്ല. ഇത് അമ്പയര്‍മാരുടെ വിവേചനാധികാരത്തെ ആശ്രയിച്ചാണ് ഇരിക്കുന്നത്.