കോഹ്‌ലി ശ്രദ്ധയോടെ നീങ്ങണം, അവര്‍ ഒരവസരം കാത്തിരിക്കുകയാണ്; മുന്നറിയിപ്പുമായി പാക് താരം

വിരാട് കോഹ്‌ലിയുടെ മുന്നോട്ടുള്ള പ്രയാണത്തില്‍ ഏഷ്യാ കപ്പിലെ പ്രകടനം ഏറെ നിര്‍ണായകമാകുമെന്ന വിലയിരുത്തലുമായി പാക് മുന്‍ താരം ഡാനിഷ് കനേരിയ. മോശം പ്രകടനം കോഹ്‌ലിക്ക് നല്ലതിനാകില്ലെന്നും സഞ്ജു സാംസണ്‍ അടക്കമുള്ള താരങ്ങള്‍ അവസരം കാത്ത് നില്‍ക്കുകയാണെന്നും കനേരിയ ചൂണ്ടിക്കാട്ടി.

‘ഏഷ്യാ കപ്പ് വിരാട് കോഹ്‌ലിയുടെ കരിയര്‍ മാറ്റുമെന്നാണ് എനിക്കു തോന്നുന്നത്. അദ്ദേഹം ഫോം കണ്ടെത്തുമെന്നു പ്രതീക്ഷിക്കാം. കോഹ്‌ലി നന്നായി കളിക്കാതിരുന്നാല്‍ അദ്ദേഹത്തിന്റെ ചുമലിലെ ഭാരമേറുമെന്നാണ് മുന്‍ ക്രിക്കറ്റ് താരങ്ങള്‍ ഉള്‍പ്പെടെ പറയുന്നത്.’

‘അതുകൊണ്ടു തന്നെ എങ്ങനെ തിരിച്ചുവരാമെന്ന് കോഹ്‌ലി ശ്രദ്ധയോടെ ചിന്തിക്കണം. സഞ്ജു സാംസണ്‍, ശ്രേയസ് അയ്യര്‍, ശുഭ്മന്‍ ഗില്‍ എന്നിവര്‍ അവസരം കാത്തിരിക്കുകയാണ്’ കനേരിയ പറഞ്ഞു.

അടുത്തിടെ കരീബിയന്‍ പര്യടനം നടത്തിയ ടീമില്‍ കോഹ്ലി ഉള്‍പ്പെട്ടിരുന്നില്ല. കൂടാതെ സിംബാബ്വെയ്ക്കെതിരായ മൂന്ന് മത്സര ഏകദിന പരമ്പരയില്‍ നിന്നും താരത്തെ ഒഴിവാക്കിയിട്ടുണ്ട്. ഓഗസ്റ്റ് 18 മുതലാണ് സിംബാബ്വെയ്ക്കെതിരായ പരമ്പര ആരംഭിക്കുന്നത്.

ഇംഗ്ലണ്ട് പര്യടനത്തിലാണ് അവസാനമായി കോഹ്‌ലിയെ കണ്ടത്. പരമ്പരയില്‍ ആറ് ഇന്നിംഗ്‌സുകളില്‍ നിന്ന് 76 റണ്‍സ് മാത്രമാണ് കോഹ്‌ലിക്ക് നേടാനായത്. ഐപിഎല്ലിലും താരത്തിന്റെ പ്രകടനം ദയനീയമായിരുന്നു.

ഓഗസ്റ്റ് 27 മുതല്‍ സെപ്റ്റംബര്‍ 11 വരെ ദുബായിലും ഷാര്‍ജയിലുമായാണു ഏഷ്യാ കപ്പ് മത്സരങ്ങള്‍ നടക്കുന്നത്. 28 ന് പാകിസ്ഥാനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം.

ഇന്ത്യന്‍ സ്‌ക്വാഡ്: രോഹിത് ശര്‍മ (ക്യാപ്റ്റന്‍), കെ.എല്‍. രാഹുല്‍ (വൈസ് ക്യാപ്റ്റന്‍), വിരാട് കോഹ്‌ലി, സൂര്യകുമാര്‍ യാദവ്, ദീപക് ഹൂഡ, ഋഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), ദിനേഷ് കാര്‍ത്തിക് (വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ആര്‍.അശ്വിന്‍, യുസ്വേന്ദ്ര ചഹല്‍, രവി ബിഷ്‌ണോയ്, ഭുവനേശ്വര്‍ കുമാര്‍, അര്‍ഷ്ദീപ് സിംഗ്, ആവേഷ് ഖാന്‍.

Read more

സ്റ്റാന്‍ഡ്‌ബൈ താരങ്ങള്‍: ശ്രേയസ് അയ്യര്‍, അക്ഷര്‍ പട്ടേല്‍, ദീപക് ചഹര്‍.