കോഹ്ലി 'തുലാസില്‍'; ഐപിഎല്ലില്‍ ബെംഗളൂരുവിന് ആശയക്കുഴപ്പം; ആരാധകര്‍ക്ക് നെഞ്ചിടിപ്പ്

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ അടുത്ത എഡിഷനില്‍ നിനിര്‍ത്തുന്ന കളിക്കാരുടെ പട്ടിക കൊടുക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു ആരാധകര്‍ ആശങ്കയില്‍. ഇന്ത്യന്‍ സൂപ്പര്‍ താരം വിരാട് കോഹ്ലി, ദക്ഷിണാഫ്രിക്കന്‍ ബാറ്റ്‌സ്മാന്‍ എബി ഡിവില്ലിയേഴ്‌സ് എന്നീ താരങ്ങളെ നിലനിര്‍ത്തുന്നതുമായി ബന്ധപ്പെട്ടുള്ള ആശങ്കയാണ് റോയല്‍ ചലഞ്ചേഴ്‌സിനുള്ളത്. ഇക്കാര്യത്തില്‍ ഇതുവരെ ബെംഗളൂരു തീരുമാനം കൈകൊണ്ടിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഐപിഎല്ലുമായി ബന്ധപ്പെട്ട് ബിസിസിഐ പുതിയ മാര്‍ഗരേഖ പുറത്തിറക്കിയതാണ് ടീമിന് ഏത് താരത്തെ നിലനിര്‍ത്തുമെന്ന കാര്യത്തില്‍ ആശങ്കയുണ്ടാക്കുന്നത്. കഴിഞ്ഞ മാസം ചേര്‍ന്ന ഐപിഎല്‍ ഗവേണിങ് കൗണ്‍സില്‍ യോഗത്തില്‍ ഒരു ടീമിന് പരമാവധി നിലനിര്‍ത്താവുന്ന താരങ്ങളുടെ എണ്ണം അഞ്ചാക്കിയിരുന്നു. 80 കോടിയാണ് ഒരു ടീമിന് കളിക്കാരെ ലേലം ചെയ്യാന്‍ അനുവദിച്ചിരിക്കുന്നത്. ഈ 80 കോടിയില്‍ നിന്ന് അഞ്ച് താരങ്ങളുടെ വില കുറച്ച് ബാക്കിയുള്ള തുകയാകും ടീമുകള്‍ക്ക് ലേലത്തില്‍ ചെലവഴിക്കാനുണ്ടാവുക.

വിരാട് കോഹ്ലി, എബി ഡിവില്ലിയേഴ്‌സ്, യുസ്വേന്ദ്ര ചാഹല്‍ എന്നീ താരങ്ങളാണ് റോയല്‍ ചലഞ്ചേഴ്‌സിന്റെ നിര്‍ണായക താരങ്ങള്‍. ഈ താരങ്ങളെ നിലനിര്‍ത്താനായി മാത്രം മൊത്തം ലേലത്തുകയുടെ 50 ശതമാനം ചെലവഴിക്കേണ്ടിവന്നാല്‍ മികച്ച ടീമിനെ ലേലത്തിലൂടെ സ്വന്തമാക്കാന്‍ സാധിക്കില്ലെന്ന ആശങ്കയാണ് ബെംഗളൂരുവിനുള്ളത്.