കോഹ്‌ലിക്ക് വിനയായത് 'ദാദ കളി'; നിറംമാറ്റം സഹതാരങ്ങളെ ഞെട്ടിച്ചു

ഇന്ത്യന്‍ ട്വന്റി20 ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റന്‍സി യുഎഇ ആതിഥ്യം വഹിക്കുന്ന ലോക കപ്പിനുശേഷം ഒഴിയാന്‍ തീരുമാനിച്ച വിരാട് കോഹ്ലിക്ക് മറ്റ് ഫോര്‍മാറ്റുകളിലെയും നായകസ്ഥാനം നഷ്ടപ്പെടാനുള്ള സാധ്യതയുള്ളതായി റിപ്പോര്‍ട്ട്. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ന്യൂസിലന്‍ഡിനോടുള്ള ഇന്ത്യയുടെ തോല്‍വിക്കുശേഷം കോഹ്ലിയുടെ പെരുമാറ്റത്തിലുണ്ടായ മാറ്റം സഹതാരങ്ങള്‍ക്ക് ഇതുവരെ ഉള്‍ക്കൊള്ളാന്‍ സാധിച്ചിട്ടില്ലെന്നാണ് വിവരം. കളത്തിന് പുറത്ത് വളരെ സൗഹാര്‍ദപൂര്‍വ്വം പെരുമാറിയിരുന്ന കോഹ്ലി പെട്ടെന്ന് വല്യേട്ടന്‍ മനോഭാവത്തിലേക്ക് മാറിയതാണ് കളിക്കാരെ ചൊടിപ്പിച്ചതെന്ന് ബിസിസിഐയുമായി അടുത്ത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു.

സൗരവ് ഗാംഗുലിക്കുശേഷം ഇന്ത്യന്‍ ക്രിക്കറ്റില്‍ ആക്രമണോത്സുക മുഖമുദ്രയാക്കിയ നായകനെന്ന പരിവേഷമുള്ളയാളാണ് വിരാട് കോഹ്ലി. എതിരാളികളോട് ഇഞ്ചോടിഞ്ച് പോരടിക്കുന്ന വിരാട് സ്വന്തം ടീമംഗങ്ങളെ ഏതു പ്രതിസന്ധി ഘട്ടത്തിലും സംരക്ഷിക്കാന്‍ മുന്നില്‍നിന്നയാളാണ്. ഡ്രസിംഗ് റൂമില്‍ ഊഷ്മളമായ അന്തരീക്ഷം നിലനിര്‍ത്താന്‍ അത് സഹായിച്ചിരുന്നു. എന്നാല്‍ ഫോമില്ലായ്മയുടെയും ടെസ്റ്റ് ചാമ്പ്യന്‍ഷ് ഫൈനലിലെ തോല്‍വിയുടെയും സമ്മര്‍ദ്ദത്തില്‍ കോഹ്ലിയുടെ ഭാഷ പരുക്കനായിമാറുകയായിരുന്നു. ടെസ്റ്റ് ടീം വൈസ് ക്യാപ്റ്റന്‍ അജിന്‍ക്യ രഹാനെയും ചേതേശ്വര്‍ പുജാരയും ആര്‍. അശ്വിനും അടക്കമുള്ള സീനിയര്‍ താരങ്ങളെ അതു ക്ഷുഭിതരാക്കിയെന്നാണ് വിവരം. ബിസിസിഐയോട് പരാതി പറയാന്‍ മുതിര്‍ന്ന താരങ്ങളില്‍ ചിലരെ അതു പ്രേരിപ്പിക്കുകയും ചെയ്തു. സുഹൃത്തായ ക്യാപ്റ്റന്‍ എന്നതില്‍ നിന്ന് മെക്കിട്ടുകേറുന്ന നായകനായി കോഹ്ലി മാറിയതോടെ ഡ്രസിംഗ് റൂമില്‍ സംഘര്‍ഷങ്ങള്‍ ഉടലെടുക്കാന്‍ ്അധികംകാലതാമസമുണ്ടായില്ല.

ഇന്ത്യന്‍ ക്രിക്കറ്റിനെ ഒരുകാലത്ത് അടക്കിഭരിച്ച സൗരവ് ഗാംഗുലി താരങ്ങളുടെ വല്യേട്ടനായിരുന്നു. യുവരാജ് സിംഗും വീരേന്ദര്‍ സെവാഗും സഹീര്‍ ഖാനും ഹര്‍ഭജന്‍ സിംഗും മുഹമ്മദ് കൈഫുമെല്ലാം ദാദയെ ജേഷ്ഠ സഹോദരനെപോലെയാണ് കണ്ടിരുന്നത്. അതിനാല്‍ ഗാംഗുലി ചെവിക്കുപിടിച്ചാല്‍ അവര്‍ അനുസരണയുള്ള കുട്ടികളാവും. സാക്ഷാല്‍ രാഹുല്‍ ദ്രാവിഡിനെപോലും നിയന്ത്രിച്ചുനിര്‍ത്താനുള്ള ആജ്ഞാശക്തി ഗാംഗുലിക്കുണ്ടായിരുന്നു.

എന്നാല്‍ ഇപ്പോഴത്തെ ഇന്ത്യന്‍ ടീമില്‍ തുല്യരിലെ ഒന്നാമന്‍ മാത്രമാണ് വിരാട് എന്നു പറയേണ്ടിവരും. താരനിബിഢമായ ടീമില്‍ കോഹ്ലിയുടെ ഏകാധിപത്യ മനോഭാവത്തിലേക്കുള്ള മാറ്റം വിജയിച്ചെന്നുവരില്ല. അതാണ് കോഹ്ലിയുടെ ട്വന്റി20 നായക പദത്തിന് ഇളക്കംതട്ടുന്നതിലേക്ക് നയിച്ചതെന്നു കരുതപ്പെടുന്നു. സഹതാരങ്ങളോട് ഇടഞ്ഞ സാഹചര്യത്തില്‍ ക്യാപ്റ്റന്‍സി ചുമന്നു നടക്കുന്നത് സുഖകരമാകില്ലെന്ന തിരിച്ചറിവും വിരാടിന്റെ തീരുമാനത്തിന് പിന്നിലുണ്ടെന്ന് വിലയിരുത്താം.