കോഹ്ലി നേരിട്ടത് ഗാംഗുലിയുടെ ദുര്‍വിധി; പതനത്തിന് സമാനതകള്‍ ഏറെ

ഇന്ത്യയുടെ നിശ്ചിത ഓവര്‍ ക്രിക്കറ്റ് ടീമിന്റെ നായകസ്ഥാനത്ത് നിന്ന് പടിയിറക്കപ്പെട്ട വിരാട് കോഹ്ലി നേരിട്ടത് ഇപ്പോഴത്തെ ബിസിസിഐ പ്രസിഡന്റും മുന്‍ ക്യാപ്റ്റനുമായ സൗരവ് ഗാംഗുലിയുടെ വിധി. ഗ്രെഗ് ചാപ്പല്‍ കോച്ചായിരുന്ന കാലത്ത് ഗാംഗുലിയെ ക്യാപ്റ്റന്‍സിയില്‍ നിന്ന് പടിയടച്ച് പിണ്ഡംവയ്ക്കുകയായിരുന്നു.

പതിനാറ് വര്‍ഷം മുന്‍പ് ഒരു ഡിസംബറിലാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ നായകസ്ഥാനത്തു നിന്ന് സൗരവ് ഗാംഗുലി നിഷ്‌കാസിതനാക്കപ്പെട്ടത്. കോച്ച് ഗ്രെഗ് ചാപ്പലുമായുള്ള കടുത്ത അഭിപ്രായഭിന്നത ഗാംഗുലിയുടെ പതനത്തിന് വഴിതെളിച്ചു. ഗാംഗുലിക്ക് കായികക്ഷമതയും ഇന്ത്യന്‍ ടീമിനെ നയിക്കാനുള്ള യോഗ്യതയും ഇല്ലെന്നു കാട്ടി ചാപ്പല്‍ ബിസിസിഐക്ക് അയച്ച ഇ-മെയ്ല്‍ പുറത്തായത് വിവാദം കടുപ്പിച്ചു. ഗാംഗുലിയുടെ പെരുമാറ്റം ടീമിന് ദോഷം വരുത്തുന്നതായും ചാപ്പല്‍ ഇ-മെയ്‌ലില്‍ ആരോപിച്ചിരുന്നു.

ബാറ്റുകൊണ്ട് ടീമിനെ പ്രചോദിപ്പിക്കാന്‍ സാധിക്കാതെ വലഞ്ഞ ഗാംഗുലിയെ കഴുത്തിന് പിടിച്ച് പുറത്താക്കാന്‍ അധികം താമസമുണ്ടായില്ല. രാഹുല്‍ ദ്രാവിഡിനെയാണ് ഗാംഗുലിയുടെ പിന്‍ഗാമിയായി നിയോഗിച്ചത്. ക്രീസില്‍ ഒരുപാട് കൂട്ടുകെട്ടുകള്‍ പടുത്തുയര്‍ത്തിയ ദ്രാവിഡിനു കീഴില്‍ ദാദ പിന്നീട് കുറച്ചുകാലം കളിക്കേണ്ടിവന്നു. അതിനു സമാനമായി രോഹിതിനു കീഴില്‍ കോഹ്ലിക്കും കളത്തിലിറങ്ങേണ്ടിവരുന്നു.

കോച്ചുമായുള്ള യുദ്ധത്തില്‍ ഗാംഗുലി തോറ്റപ്പോള്‍, കോഹ്ലിക്ക് അത്തരമൊരു സംഘര്‍ഷത്തില്‍ വിജയം ലഭിച്ചിരുന്നു. കോഹ്ലിയുടെ ബാറ്റിംഗ് ഫോം ഉശിരനായിരുന്ന സമയത്ത് അനില്‍ കുംബ്ലെ എന്ന കോച്ചിന് ക്യാപ്റ്റനുമായുള്ള ഏറ്റുമുട്ടല്‍ കാരണം പദവി ഒഴിയേണ്ടിവന്നെന്നത് മറ്റൊരു യാഥാര്‍ത്ഥ്യം. എങ്കിലും ടീമില്‍ അസ്വസ്ഥത സൃഷ്ടിക്കുന്നവെന്ന പഴി ഗാംഗുലിയെ പോലെ കോഹ്ലിക്കു കേള്‍ക്കേണ്ടിവന്നു.

അതേസമയം, ക്യാപ്റ്റന്‍സിയില്‍ നിന്നും ടീമില്‍ നിന്നുമൊക്കെ പുറത്താക്കപ്പെട്ട ഗാംഗുലിക്ക് ബിസിസിഐ പിന്നീട് ശക്തമായ പിന്തുണ നല്‍കിയിരുന്നു. പത്തു മാസങ്ങള്‍ക്കുശേഷം ഗാംഗുലി ഇന്ത്യന്‍ ടീമിലേക്ക് ഉശിരന്‍ തിരിച്ചുവരവ് നടത്തി. കരിയറിലെ വളരെ മോശം അവസ്ഥയെ നേരിട്ട അനുഭവമുള്ള ഗാംഗുലി അധികാരം കൈയാളുമ്പോള്‍ ബിസിസിഐ കോഹ്ലിക്ക് വേണ്ടത്ര പിന്തുണ നല്‍കുമോയെന്നാണ് ക്രിക്കറ്റ് പ്രേമികള്‍ ഉറ്റുനോക്കുന്നത്.