കോഹ്‌ലി മേന്മയ്‌ക്കൊപ്പം ദൗര്‍ബല്യങ്ങളും കാണിക്കുന്ന നായകന്‍; തുറന്നടിച്ച് ഓസീസ് മുന്‍ താരം

തന്റെ ദുര്‍ബലത മറച്ചുവെക്കാത്ത യുവതാരങ്ങള്‍ക്ക്  മാതൃക നല്‍കുന്ന താരമാണ് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിയെന്ന് ഓസീസ് മുന്‍ സ്പിന്നര്‍ ബ്രാഡ് ഹോഗ്.  തെറ്റ് പറ്റിയെങ്കില്‍ അത് മനസിലാക്കുകയും അത് തിരുത്താന്‍ ശ്രമിക്കുകയും ചെയ്യുന്ന കോഹ്‌ലിയുടെ  രീതി പ്രശംസനീയമാണെന്നും ഹോഗ് പറഞ്ഞു.

‘നായകന്മാര്‍ എപ്പോഴും തങ്ങളുടെ മേന്മ മാത്രമല്ല ദൗര്‍ബല്യങ്ങളും കാണിക്കണം. വിരാട് കോഹ്‌ലി അത് കാട്ടിക്കൊണ്ടിരിക്കുന്ന നായകനാണ്. മോശം ഫോമിലാണവന്‍. പുറത്താവുന്നതില്‍ അപമാനിതനാവുകയും എപ്പോഴും നിരാശപ്പെടുകയും ചെയ്യുന്നില്ല. പകരം എവിടെയാണ് തെറ്റ് പറ്റിയിട്ടുണ്ടെന്ന് കണ്ടെത്തുകയും അത് തിരുത്താന്‍ ശ്രമിക്കുകയുമാണ് ചെയ്യുന്നത്. ഇത് യുവതാരങ്ങള്‍ക്ക് വലിയ മാതൃകയാണ്. ആ നായകന്മാര്‍ക്ക് കീഴില്‍ കൂടുതല്‍ സ്വാതന്ത്ര്യത്തോടെ കളിക്കാന്‍ അവര്‍ക്ക് സാധിക്കുന്നു.’

Brad Hogg

‘ഇന്ത്യന്‍ ടീമില്‍ കോഹ്‌ലി ഒരുക്കിയിരിക്കുന്ന അന്തരീക്ഷം മികച്ചതാണ്. മികച്ച അച്ചടക്കമുള്ള സുഖകരമായ അന്തരീക്ഷമാണിത്.  തങ്ങളുടെ കഴിവിനെ മെച്ചപ്പെടുത്താന്‍ അവര്‍ ഓരോ സമയത്തെയും പ്രയോജനപ്പെടുത്തുന്നു. താരങ്ങള്‍ അത് ചെയ്യും ഇത് ചെയ്യും എന്ന മുന്‍വിധിയില്ലാത്ത നായകനാണ് കോഹ്‌ലി’ ഹോഗ് പറഞ്ഞു.