അവിശ്വസനീയം!, നാണംകെട്ട റെക്കോഡ് സ്വന്തമാക്കി ടീം ഇന്ത്യ

ഓസ്‌ട്രേലിയക്കെതിരായ നാലാം ഏകദിനത്തില്‍ തോറ്റതിന് പിന്നാലെ ഇന്ത്യയെ തേടി നാണക്കേടിന്റെ റെക്കോഡ്. ആദ്യം ബാറ്റ് ചെയ്ത് 350 ലധികം റണ്‍സ് നേടിയതിന് ശേഷം ഇന്ത്യ പരാജയപ്പെടുന്ന ആദ്യ മത്സരമെന്ന റെക്കോഡാണ് ഇതോടെ മൊഹാലിയില്‍ കുറിക്കപ്പെട്ടത്.

അന്താരാഷ്ട്ര ഏകദിന മത്സരങ്ങളില്‍ ഇത് വരെ 27 തവണയാണ് ഇന്ത്യ 350 നപ്പുറമുള്ള സ്‌കോറുകള്‍  നേടിയിട്ടുള്ളത്. ഇതില്‍ 24 തവണയും ആദ്യം ബാറ്റ് ചെയ്യുമ്പോള്‍ നേടിയതാണ്. ഇതില്‍ 23 തവണയും ഇന്ത്യ ജയിച്ചപ്പോള്‍ മൊഹാലിയില്‍ അടിപതറി.

മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഒന്‍പത് വിക്കറ്റിന് 358 റണ്‍സാണ് നേടിയത്. എന്നാല്‍ ഹാന്‍സ്‌കോമ്പിന്റേയും, ഉസ്മാന്‍ ഖവാജയുടേയും നിര്‍ണായക ഇന്നിംഗ്‌സുകളും ആഷ്ടണ്‍ ടേണറിന്റെ വെടിക്കെട്ടും മത്സരഗതി മാറ്റി മറിച്ചു. 13 പന്തുകള്‍ ബാക്കി നില്‍ക്കേ മത്സരത്തില്‍ ഓസീസ് അനായാസം ജയിക്കുകയായിരുന്നു.