നിര്‍ണായക തീരുമാനത്തിന് കോഹ്‌ലിയും രോഹിതും; ലോക കപ്പ് ടീമില്‍ മാറ്റങ്ങള്‍ ഉറപ്പ്

ട്വന്റി20 ലോക കപ്പിനുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ ഏതാനും മാറ്റങ്ങള്‍ വരുമെന്ന് സൂചന. ഇതിലേക്കായി ക്യാപ്റ്റന്‍ വിരാട് കോഹ്ലിയും വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയും സെലക്ടര്‍മാരുമായി കൂടിക്കാഴ്ച നടത്തും. ഒക്ടോബര്‍ 10വരെയാണ് ലോക കപ്പ് ടീമില്‍ മാറ്റംവരുത്താന്‍ ഐസിസി സമയം അനുവദിച്ചിട്ടുള്ളത്.

ലോക കപ്പിനുള്ള പതിനഞ്ച് അംഗ ടീം സെപ്റ്റംബര്‍ എട്ടിനാണ് ഇന്ത്യ പ്രഖ്യാപിച്ചത്. ടീമില്‍ ഇടംപിടിച്ച താരങ്ങളില്‍ ചിലര്‍ ഐപിഎല്ലില്‍ നിറം മങ്ങിയിരുന്നു. ഈ സാഹചര്യത്തില്‍ രണ്ടോമൂന്നോ മാറ്റങ്ങള്‍ വേണ്ടിവരുമെന്നാണ് ഇന്ത്യന്‍ ടീം മാനെജ്‌മെന്റിന്റെ വിലയിരുത്തല്‍. ടീമില്‍ അംഗങ്ങളായവരുടെയും അല്ലാത്തവരുടെയും ഐപിഎല്‍ പ്രകടനങ്ങളില്‍ സെലക്ടര്‍മാര്‍ കണ്ണോടിക്കുന്നുണ്ട്. ലെഗ് സ്പിന്നര്‍ യുസ്‌വേന്ദ്ര ചഹല്‍, പേസര്‍ ഷാര്‍ദുല്‍ താക്കൂര്‍, മധ്യനിര ബാറ്റ്‌സ്മാന്‍ ശ്രേയസ് അയ്യര്‍ എന്നിവരെയാണ് പ്രധാനമായും പരിഗണിക്കുന്നത്.

അതേസമയം, ഫോമും ഫിറ്റ്‌നസും ഇല്ലാതെ വലയുന്ന ഓള്‍ റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയെ ടീമില്‍ നിന്ന് ഒഴിവാക്കില്ലെന്നാണ് വിവരം. ബാറ്റര്‍ക്കൊപ്പം നാലാം പേസറായികൂടി കണക്കിലാക്കപ്പെടുന്ന ഹാര്‍ദിക്കിന്റെ റോള്‍ ഏറ്റെടുക്കാന്‍ ഷാര്‍ദുലും ദീപക് ചഹാറും തയാറാവാത്തതാണ് സെലക്ടര്‍മാരെ കുഴയ്ക്കുന്നത്. അതിനാല്‍ തത്കാലം ഹാര്‍ദിക്കിന്റെ സ്ഥാനത്തിന് ഇളക്കമുണ്ടാവില്ലെന്നാണ് കരുതപ്പെടുന്നത്.