കോഹ്‌ലിയും ബാബറുമെല്ലാം അവന്റെ പിന്നിലാവും; വിലയിരുത്തലുമായി പാക് താരം

സൂപ്പര്‍ താരങ്ങളായ ഇന്ത്യയുടെ വിരാട് കോഹ്‌ലിയെയും പാകിസ്ഥാന്റെ ബാബര്‍ ആസമിനെയുമെല്ലാം സൂര്യകുമാര്‍ യാദവ് പിന്നിലാക്കുമെന്ന് പാക് മുന്‍ താരം ഡാനിഷ് കനേരിയ. സമീപകാലത്തെ താരത്തിന്റെ പ്രകടനത്തിന്റെ പശ്ചാത്തലത്തിലാണ് കനേരിയയുടെ വിലയിരുത്തല്‍.

‘ഞാന്‍ ഇക്കാര്യം കുറച്ചുകാലമായി പറഞ്ഞു കൊണ്ടിരിക്കുന്നതാണ്. സൂര്യകുമാര്‍ യാദവ് ഏറ്റവും മികച്ച താരങ്ങളിലൊരാളാണ്. 360 ഡിഗ്രി ബാറ്റിങ് പോലെ സ്‌കൈ വളരെ ഉയരത്തിലാണെന്നു ഞാന്‍ പറയും. സ്വയം പ്രഖ്യാപിക്കുന്നതു പോലെയാണ് അദ്ദേഹം ബാറ്റ് ചെയ്യുന്നത്. മൂന്നാം ടി20യില്‍ അതിശയിപ്പിക്കുന്നതായിരുന്നു സൂര്യയുടെ പ്രകടനം.’

‘വളരെ വ്യത്യസ്തമായ ശൈലിയിലാണ് സൂര്യകുമാര്‍ യാദവ് കളിക്കുന്നത്. വളരെ വലിയൊരു താരമായി അദ്ദേഹം മാറുമെന്നുറപ്പാണ്. സൂര്യകുമാറിന്റെ ബാറ്റിങ് കാണുമ്പോള്‍ ആളുകള്‍ മറ്റു മഹാന്‍മാരായ ബാറ്റര്‍മാരെ മറന്നു പോവും. അത്തരമൊരു മാജിക്കാണ് അദ്ദേഹത്തിന്റെ ബാറ്റിംഗിനുള്ളത്.’

‘വിരാട് കോഹ്‌ലി ഒരുപാട് റണ്‍സ് ഇനിയും നേടും. ബാബര്‍ ആസവും ബാറ്ററെന്ന നിലയില്‍ വലിയ വിജയമായി മാറും. പക്ഷെ സൂര്യകുമാര്‍ യാദവ് എല്ലാവരെയും പിന്നിലാക്കും’ ഡാനിഷ് കനേരിയ പറഞ്ഞു.

ഞായറാഴ്ച ഹൈദരാബാദില്‍ ഓസ്ട്രേലിയയ്ക്കെതിരെ നടന്ന നിര്‍ണ്ണായക മത്സരത്തില്‍ സൂര്യകുമാര്‍ അവസരത്തിനൊത്ത് ഉയര്‍ന്നു ഇന്ത്യയെ വിജയത്തിലെത്തിച്ചിരുന്നു. 187 റണ്‍സ് പിന്തുടര്‍ന്ന ഇന്ത്യയ്ക്കായി അദ്ദേഹം 36 പന്തില്‍ 191.6 സ്‌ട്രൈക്ക് റേറ്റില്‍ 69 റണ്‍സെടുത്തിരുന്നു.

അഞ്ച് സിക്സറുകളും ബൗണ്ടറികളും ഉള്‍പ്പെടുന്നതായിരുന്നു സൂര്യയുടെ പ്രകടനം. വിരാട് കോഹ്ലിക്കൊപ്പം 104 റണ്‍സിന്റെ നിര്‍ണായക കൂട്ടുകെട്ടും സൂര്യ പടുത്തുയര്‍ത്തിയിരുന്നു.