കോഹ്ലിയുടെ നടപടി ബി.സി.സി.ഐക്ക് പ്രഹരം; ആശയക്കുഴപ്പം സൃഷ്ടിച്ചതില്‍ താരത്തിന് അതൃപ്തി

ഇന്ത്യയുടെ നിശ്ചിത ഓവര്‍ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റന്‍ സ്ഥാനം വിരാട് കോഹ്ലി ഒഴിയുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ട് ദിവസങ്ങളായി. എന്നാല്‍ കോഹ്ലിക്ക് സ്ഥാനചലനം ഉണ്ടാകില്ലെന്ന നിലപാടായിരുന്നു ബിസിസിഐയുടേത്. അതിനു കടകവിരുദ്ധമായിരുന്നു ക്രിക്കറ്റ് ഭരണകര്‍ത്താക്കള്‍ക്കിടയിലെ രഹസ്യചര്‍ച്ചകള്‍. അതടിവരയിടുന്നതാണ് ട്വന്റി20 ക്യാപ്റ്റന്‍സി ഒഴിയുമെന്ന കോഹ്ലിയുടെ പ്രഖ്യാപനം.

ഏകദിനത്തിലും ട്വന്റി20യിലും കോഹ്ലിയെ മാറ്റി രോഹിത് ശര്‍മ്മയെ ക്യാപ്റ്റന്‍സി ഏല്‍പ്പിക്കണമെന്ന ആവശ്യം ഏറെക്കാലമായി ശക്തമാണ്. ഇന്ത്യയെ നയിക്കാന്‍ അവസരം കിട്ടിയപ്പോഴെല്ലാം രോഹിത് മികവ് കാട്ടിയത് ഈ ആവശ്യത്തിന്റെ ആക്കംകൂട്ടി. ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനെ നയിച്ച രോഹിത് കൊയ്ത കിരീട നേട്ടങ്ങളും എടുത്തുകാട്ടപ്പെട്ടു. ഈ പശ്ചാത്തലത്തില്‍ കുറഞ്ഞ പക്ഷം ട്വന്റി20യുടെ ക്യാപ്റ്റന്‍ പദവിയെങ്കിലും കോഹ്ലി രോഹിതിന് കൈമാറുമെന്നത് തീരുമാനിക്കപ്പെട്ടുകഴിഞ്ഞിരുന്നു. എന്നാല്‍ അതിനു വിരുദ്ധമായ കാര്യമാണ് ബിസിസിഐ പ്രതിനിധികള്‍ പ്രചരിപ്പിച്ചിരുന്നത്.

ട്വന്റി20 ടീമിന്റെ കടിഞ്ഞാണ്‍ തന്നില്‍ നിന്ന് തിരിച്ചെടുക്കാന്‍ തീരുമാനിച്ചശേഷം മറച്ചുപിടിച്ച ബിസിസിഐയുടെ നടപടിയില്‍ കോഹ്ലി അതൃപ്തനാണെന്നാണ് വിവരം. അതാണ് ലോക കപ്പിനു മുന്‍പ് തന്നെ ട്വന്റി20 നായകപദത്തില്‍ തന്റെ ഭാവിയെന്തെന്ന് വെളിപ്പെടുത്താന്‍ കോഹ്ലിയെ പ്രേരിപ്പിച്ചതെന്ന് കരുതപ്പെടുന്നു.

കോഹ്ലി ട്വന്റി20 ക്യാപ്റ്റന്‍സി ഒഴിയുമെന്ന് സ്ഥിരീകരിക്കപ്പെട്ടാല്‍ അതു ലോക കപ്പിലെ ടീമിന്റെ പ്രകടനത്തെ ബാധിക്കുമെന്നും ഡ്രസിംഗ് റൂമില്‍ അനൈക്യം സൃഷ്ടിക്കുമെന്നും കണക്കുകൂട്ടിയാവും ബിസിസിഐ യാഥാര്‍ത്ഥ്യം മറച്ചുപിടിച്ചതെന്ന് വിലയിരുത്തപ്പെടുന്നു. എന്നാല്‍ ലോക കപ്പിലെ ഫലമെന്തായാലും താന്‍ ക്യാപ്റ്റന്‍സിയില്‍ നിന്ന് നീക്കപ്പെടുമെന്ന ഉറപ്പുള്ള കോഹ്ലി അതു മുന്‍കൂട്ടി പ്രഖ്യാപിച്ചതോടെ ബിസിസിഐ പ്രതിരോധംപൊളിഞ്ഞു. ആരുടേയും നിര്‍ബന്ധത്തിന് വഴങ്ങിയല്ല സ്വന്തം ഇഷ്ടപ്രകാരമാണ് നായക പദം ഒഴിയുന്നതെന്ന് വരുത്തിത്തീര്‍ക്കാന്‍ മുന്‍കൂട്ടിയുള്ള പ്രഖ്യാപനം സഹായിക്കുമെന്ന ധാരണയും കോഹ്ലിയുടെ തീരുമാനത്തെ സ്വാധീനിച്ചിരിക്കാമെന്ന് വിലയിരുത്തപ്പെടുന്നു.