കോഹ്ലിയുടെ വിധിയെഴുതപ്പെട്ടു; ബി.സി.സി.ഐ നടത്തുന്നത് നാടകം

ട്വന്റി20 ലോക കപ്പിനുശേഷം ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ നായകസ്ഥാനത്ത് ഇളക്കി പ്രതിഷ്ഠയുണ്ടാവുമെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. എന്നാല്‍ ഇതു സംബന്ധിച്ച വാര്‍ത്തകളോട് പ്രതികരിച്ച ബിസിസിഐ പ്രതിനിധികള്‍ കോഹ്ലി ക്യാപ്റ്റനായി തുടരുമെന്ന് തറപ്പിച്ചുപറയുന്നു. പക്ഷേ, ലോക കപ്പ് വേളയില്‍ ടീമിന്റെ ഐക്യത്തെയും കെട്ടുറപ്പിനെയും ബാധിക്കാതിരിക്കാനാണ് കോഹ്ലിയെ നിലനിര്‍ത്തുമെന്ന പ്രതീതി ബിസിസിഐ സൃഷ്ടിക്കുന്നതെന്ന് ക്രിക്കറ്റ് വൃത്തങ്ങള്‍ പറയുന്നു.

ബാറ്റിംഗില്‍ ഏറെ നാളായി ഫോമില്ലാതെ വലയുകയാണ് വിരാട് കോഹ്ലി. നായക സ്ഥാനം ഉപേക്ഷിച്ച് ബാറ്റിംഗില്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്താനാണ് വിരാടിന്റെ തീരുമാനമത്രെ. ഇക്കാര്യത്തില്‍ തന്റെ മുന്‍ഗാമി സച്ചിന്‍ ടെണ്ടുല്‍ക്കറുടെ പാത പിന്തുടരാനാണ് കോഹ്ലിയുടെ ശ്രമം. 1996ല്‍ ഇന്ത്യയുടെ നായക സ്ഥാനം ഏറ്റെടുത്ത സച്ചിന് ടീമിനെ പ്രതീക്ഷച്ചത്ര നേട്ടങ്ങളിലെത്തിക്കാന്‍ സാധിച്ചിരുന്നില്ല. ക്യാപ്റ്റനെന്ന നിലയില്‍ ഏകദിനങ്ങളില്‍ സച്ചിന്റെ ബാറ്റിംഗ് ശരാശരി നാല്‍പ്പതിന് താഴേക്കുപോകുകയും ചെയ്തു. നായകവേഷം അഴിച്ചശേഷം സച്ചിന്‍ സമ്മര്‍ദ്ദരഹിതനായി കളിക്കുകയും റണ്‍സ് വഴിയില്‍ തിരിച്ചെത്തിയതായും കണക്കുകള്‍ വ്യക്തമാക്കുന്നു.

സച്ചിന്‍ തീര്‍ത്ത മാതൃകയ്ക്ക് പുറമെ, നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ ഇന്ത്യയെ നയിക്കാന്‍ സര്‍വ്വഥാ യോഗ്യനായ രോഹിത് ശര്‍മ്മ ഒപ്പമുള്ളതും ക്യാപ്റ്റന്‍സി ഒഴിയാന്‍ കോഹ്ലിയെ പ്രേരിപ്പിക്കുന്ന ഘടകങ്ങളില്‍പ്പെടുന്നു. ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനെ അഞ്ച് തവണ കിരീട നേട്ടത്തിലെത്തിച്ചത് രോഹിതിനെ അവഗണിക്കുന്നതില്‍ നിന്ന് സെലക്ടര്‍മാരെയും പിന്തിരിപ്പിക്കുന്നു.

കോഹ്ലിയെ മാറ്റുന്നെന്ന സൂചനകള്‍ പുറത്തായത് ബിസിസിഐയെ അങ്കലാപ്പിലാക്കിയിട്ടുണ്ട്. ട്വന്റി 20 ലോക കപ്പില്‍ ഇന്ത്യന്‍ ഡ്രസിംഗ് റൂമിലെ അന്തരീക്ഷത്തെ അതു ബാധിക്കുമെന്ന് ബിസിസിഐ ഭയക്കുന്നു. സ്ഥാനചലനം സംഭവിക്കാന്‍ പോകുന്ന നായകനെ സഹ താരങ്ങള്‍ എത്രത്തോളം അനുസരിക്കുമെന്നതും ബിസിസിഐ മുന്‍കൂട്ടി കാണുന്ന ഒരു പ്രശ്‌നമാണ്. രോഹിതിനൊപ്പം ചില താരങ്ങള്‍ ചാഞ്ഞാല്‍ അതു ടീമില്‍ അനൈക്യം സൃഷ്ടിക്കുമെന്നത് മറ്റൊരു കാര്യം. അതിനാലാണ് ബിസിസിഐ സെക്രട്ടറി ജയ് ഷായും ട്രഷറര്‍ അരുണ്‍ ധുമാലുമെല്ലാം കോഹ്ലിയുടെ സ്ഥാനം സുരക്ഷിതമാണെന്ന് ആണയിടുന്നത്. ക്യാപ്റ്റന്‍സിയിലെ മാറ്റം സംബന്ധിച്ച് ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി മൗനംതുടരുന്നുതും കോഹ്ലിയുടെ നില അത്ര സുരക്ഷിതമല്ലെന്നതിലേക്ക് വിരല്‍ചൂണ്ടുന്നു.

Read more