കോഹ്ലിയുടെ പെരുമാറ്റം അസഹനീയം; ആദ്യം പരാതിപ്പെട്ടത് സീനിയര്‍ താരം

ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റനെന്ന നിലയില്‍ വിരാട് കോഹ്ലിക്ക് സഹതാരങ്ങള്‍ക്കുമേലുള്ള നിയന്ത്രണം നഷ്ടപ്പെട്ടതായും ബഹുമാനിക്കപ്പെടാതെയായെന്നും റിപ്പോര്‍ട്ട്. വിരാടിന്റെ സമീപനം ഡ്രസിംഗ് റൂമില്‍ ചേരിതിരിവ് സൃഷ്ടിച്ചെന്നും ബിസിസിഐയുമായി അടുത്ത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു.

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ന്യൂസിലന്‍ഡിനോടേറ്റ തോല്‍വിക്ക് പിന്നാലെയാണ് കോഹ്ലിയും മറ്റു ടീമംഗങ്ങളും അകലാന്‍ തുടങ്ങിയത്. ഫൈനലില്‍ ഇന്ത്യന്‍ താരങ്ങള്‍ വിജയതൃഷ്ണ കാട്ടിയില്ലെന്ന് കോഹ്ലി വിമര്‍ശിച്ചിരുന്നു. ചേതേശ്വര്‍ പുജാരയുടെ ഒച്ചിഴയുന്ന ബാറ്റിംഗ് കോഹ്ലിയെ ചൊടിപ്പിക്കുകയുമുണ്ടായി.  വിരാടിന്റെ സമീപനത്തിലെ ഗുണപരമല്ലാത്ത മാറ്റത്തില്‍ മിക്ക കളിക്കാരും അതൃപ്തി പ്രകടിപ്പിച്ചെന്നാണ് വിവരം. ഒരു ഘട്ടത്തില്‍ വിരാടിന്റെ പെരുമാറ്റം അസഹനീയമായ തരത്തിലേക്കെത്തിയതായും ഇതേപ്പറ്റി ഒരു സീനിയര്‍ താരം ബിസിസിഐക്ക് പരാതി നല്‍കിയെന്നും പറയപ്പെടുന്നു.

പതിയെപ്പതിയെ കളിക്കാരുടെമേലുള്ള നിയന്ത്രണം നഷ്ടപ്പെട്ട വിരാട് ഒറ്റപ്പെടാന്‍ തുടങ്ങിയത്രെ. സഹ താരങ്ങളുടെ ബഹുമാനം കളഞ്ഞുകുളിച്ച, ബാറ്റിംഗിലൂടെയും ഡ്രസിംഗ് റൂമിലെ പെരുമാറ്റത്തിലൂടെയും ടീമിനെ പ്രചോദിപ്പിക്കാന്‍ കഴിയാത്ത നായകനെന്ന നിലയിലേക്ക് പതിച്ച കോഹ്ലി ട്വന്റി20 ക്യാപ്റ്റന്‍സി ഒഴിയാന്‍ നിര്‍ബന്ധിതനായെന്ന് കരുതപ്പെടുന്നു. ടെസ്റ്റിലെയും ഏകദിനത്തിലെയും നായക വേഷം കോഹ്ലി അധികം വൈകാതെ ഉപേക്ഷിക്കുമെന്നും വാര്‍ത്തകളുണ്ട്.