അനന്തപത്മനാഭന്‍ ഐ.സി.സി രാജ്യാന്തര അമ്പയര്‍മാരുടെ പാനലില്‍

കേരളാ ടീം മുന്‍ നായകനും ലെഗ് സ്പിന്നറുമായിരുന്ന കെ.എന്‍. അനന്തപത്മനാഭന്‍ രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സിലിന്റെ അമ്പയര്‍മാരുടെ പാനലില്‍. കേരള ക്രിക്കറ്റ് അസോസിയേഷന്‍ ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് ഈ വാര്‍ത്ത പുറത്തു വിട്ടത്. ഐ.പി.എല്ലിലും ഇന്ത്യയിലെ മറ്റു ആഭ്യന്തര മത്സരങ്ങളിലും അമ്പയറായിരുന്ന തിരുവനന്തപുരം സ്വദേശിയായ അനന്തപത്മനാഭന്‍ അമ്പതാം വയസ്സിലാണ് ഈ നേട്ടത്തിലെത്തുന്നത്.

നിലവില്‍ ഐ.സി.സിയുടെ രാജ്യാന്തര പാനലിലുള്ള നാലാമത്തെ ഇന്ത്യക്കാരനാണ് അനന്തന്‍. സി.ശംസുദ്ദീന്‍, അനില്‍ ചൗധരി, വീരേന്ദര്‍ ശര്‍മ എന്നിവരാണ് മറ്റുള്ളവര്‍. പാതി മലയാളിയായി നിതിന്‍ മേനോന്‍ ഐസിസിയുടെ എലീറ്റ് അമ്പയര്‍ പാനലിലുമുണ്ട്. എലീറ്റ് പാനലിനു തൊട്ടു താഴെയുള്ളതാണ് രാജ്യാന്തര പാനല്‍.

മലയാളത്തിന്റെ അനന്തന്‍ ...

അനന്തന്‍ ഇതുവരെ 61 ടി20 മത്സങ്ങള്‍ നിയന്ത്രിച്ചിട്ടുണ്ട്. 58 ഫസ്റ്റ് ക്ലാസ്, 27 ലിസ്റ്റ് എ മത്സരങ്ങളിലും അമ്പയറായി. 2005-06 സീസണില്‍ ദേശീയ ജൂനിയര്‍ സെലക്ഷന്‍ സമിതി അംഗവുമായി. 2007-ല്‍ നാഷനല്‍ ക്രിക്കറ്റ് അക്കാദമിയില്‍ നിന്ന് ലെവല്‍2 കോച്ചിംഗ് പരീക്ഷയും പാസായി.

105 ഫസ്റ്റ് ക്ലാസ് മത്സരങ്ങളില്‍ നിന്ന് 344 വിക്കറ്റും 2891 റണ്‍സുമാണ് അനന്തന്റെ സമ്പാദ്യം. 54 ലിസ്റ്റ് എ മത്സരങ്ങളിലായി 87 വിക്കറ്റും 493 റണ്‍സും നേടി. ഒരു ഇരട്ട സെഞ്ചുറിയും 2 സെഞ്ചുറികളും നേടിയിട്ടുണ്ട്. രഞ്ജി ട്രോഫിയില്‍ 200 വിക്കറ്റ്, 2000 റണ്‍സ് നേട്ടം പിന്നിട്ട ആദ്യ കേരള താരമാണ്.