ധോണി ഇല്ലെങ്കില്‍; ലോക കപ്പിന് മുമ്പ് ടീം ഇന്ത്യയ്ക്ക് മുന്നറിയിപ്പുമായി ഇതിഹാസം

ഓസ്‌ട്രേലിയയോട് സ്വന്തം മണ്ണില്‍ പരമ്പര കൈവിട്ട് നാണക്കേടിലാണ് ഇന്ത്യ. ലോക കപ്പിന് മുന്നോടിയായി നടന്ന മത്സരത്തില്‍ ഇന്ത്യന്‍ ടീമിന്റെ ദയനീയ പ്രകടനം ആരാധകരില്‍ ആശങ്കയുമുണ്ടാക്കിയിട്ടുണ്ട്. അഞ്ച് മത്സരങ്ങളുള്ള പരമ്പരയിലെ അവസാന മൂന്ന് മത്സരങ്ങള്‍ കൈവിട്ടാണ് ഇന്ത്യ പരമ്പര തോറ്റത്.

ഇന്ത്യന്‍ മധ്യനിര ബാറ്റിങ്ങിലുള്ള പ്രശ്‌നങ്ങളില്‍ ആരാധകരും സെലക്ടര്‍മാരും തല പുകഞ്ഞിരിക്കുകയാണ്. തോറ്റ മത്സരങ്ങളിലെല്ലാം ഇന്ത്യയ്ക്ക് മധ്യനിരയില്‍ താളം കണ്ടെത്താന്‍ സാധിക്കാത്തതായിരുന്നു തിരിച്ചടിയായത്. യുവരാജിന് ശേഷം ഇന്ത്യയ്ക്ക് മികച്ച താളത്തില്‍ കളിക്കുന്ന താരത്തെ കണ്ടെത്താന്‍ സാധിച്ചിട്ടില്ലെന്ന ഒരാളുടെ ട്വീറ്റിന് മറുപടിയായിട്ട് ഓസ്‌ട്രേലിയന്‍ മുന്‍ക്യാപ്റ്റന്‍ മൈക്കിള്‍ ക്ലാര്‍ക്കിന്റെ മറുപടിയാണ് ധോണി ആരാധകരെ ആവേശത്തിലാക്കിയിരിക്കുന്നത്.

മധ്യനിരയില്‍ മഹേന്ദ്ര സിങ് ധോണിയുടെ പരിചയസമ്പത്ത് ഒരിക്കലും കുറച്ച് കാണരുതെന്നായിരുന്നു ക്ലാര്‍ക്കിന്റെ ട്വീറ്റ്. പരമ്പരയിലെ ആദ്യ മൂന്ന് ഏകദിനങ്ങളില്‍ ഇറങ്ങിയ ധോണിക്ക് അവസാന രണ്ട് മത്സരങ്ങളില്‍ വിശ്രമം നല്‍കിയിരുന്നു. ധോണിക്ക് പകരക്കാരനായി ടീമിലിടം നേടിയ ഋഷഭ് പന്ത് നിരവധി പിഴവുകള്‍ വരുത്തിയതോടെ സ്‌റ്റേഡിയത്തില്‍ ധോണിക്കായി ആരാധകര്‍ ആരവം മുഴക്കുകയും ചെയ്തിരുന്നു.