ടീമില്‍ തിരിച്ചെത്താന്‍ രാഹുലിന് മുമ്പില്‍ നിബന്ധന വെച്ച് സെലക്ടര്‍മാര്‍

ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ടെസ്റ്റ് ടീമില്‍ നിന്നും പുറത്തായ കെഎല്‍ രാഹുലിന് തിരിച്ച് വരാന്‍ ഇനിയും അവസരമുണ്ടെന്ന് ചീഫ് സെലക്ടര്‍ എംഎസ്‌കെ പ്രസാദ്. മുന്‍ ഇന്ത്യന്‍ താരം വിവിഎസ് ലക്ഷ്മണിനെ രാഹുല്‍ മാതൃകയാക്കണമെന്നാണ് പ്രസാദ് പറയുന്നത്.

ടീമില്‍ നിന്ന് പുറത്തായ ശേഷം അഭ്യന്തര ക്രിക്കറ്റില്‍ ലക്ഷ്മണ്‍ കാഴ്ച്ചവെച്ച തകര്‍പ്പന്‍ പ്രകടനമാണ് പ്രസാദ് സൂചിപ്പിക്കുന്നത്. രഞ്ജിയില്‍ 1400 റണ്‍സ് സ്‌കോര്‍ ചെയ്താണ് ദേശീയ ടീമിലെ സ്ഥാനം ലക്ഷ്മണ്‍ തിരികെ പിടിച്ചത്,

ടീമില്‍ നിന്ന് ഒഴിവാക്കുന്ന വിവരം രാഹുലുമായി സംസാരിച്ചു. അപൂര്‍വം കഴിവുള്ള താരമാണ് രാഹുല്‍. പക്ഷേ ടെസ്റ്റ് ക്രിക്കറ്റില്‍ രാഹുലിന്റെ ഫോം ഇപ്പോള്‍ മങ്ങിയെന്നും ചീഫ് സെലക്ടര്‍ പറഞ്ഞു.

രാഹുലിനെ ടീമില്‍ നിന്ന് ഒഴിവാക്കി പകരം യുവതാരം ശുഭ്മാന്‍ ഗില്ലിനെയാണ് ഇന്ത്യ ടീമില്‍ ഉള്‍പ്പെടുത്തിയത്. രോഹിത്ത് സൗത്ത് ആഫ്രിക്കയ്ക്കെതിരെ ഇന്ത്യന്‍ ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്യും. റിസര്‍വ് ഓപ്പണറായാണ് ഗില്‍ ടീമില്‍ ഇടം പിടിച്ചിരിക്കുന്നത്.