'ചെറുപ്പമാകാന്‍' ഇന്ത്യന്‍ ക്രിക്കറ്റ്, രോഹിത്തിനെ മറികടന്ന് അവന്‍ നായക സ്ഥാനത്തേക്ക്!

ഈ വര്‍ഷം നടക്കാനിരിക്കുന്ന ടി20 ലോക കപ്പിന് ശേഷം ഇന്ത്യയുടെ ടി20 ക്യാപ്റ്റന്‍ സ്ഥാനം ഒഴിയുമെന്ന് അറിയിച്ചിരിക്കുകയാണ് വിരാട് കോഹ്‌ലി. ഇതോടെ പകരമാരെന്നതും ചോദ്യമാണ് ചര്‍ച്ചയാകുന്നത്. രോഹിത് ശര്‍മ്മ എന്ന പേരാണ് കൂടുതല്‍ ഉയര്‍ന്നു കേള്‍ക്കുന്നത്. പക്ഷേ ഇപ്പോഴിതാ നായക പോരാട്ടത്തില്‍ ശക്തനായ ഒരു എതിരാളി രോഹിത്തിന് ഉണ്ടായിരിക്കുകയാണ്, കെ.എല്‍ രാഹുല്‍.

പുതിയൊരു ഇന്ത്യന്‍ ടീമിനെ വളര്‍ത്തിക്കൊണ്ടുവരാന്‍ ഒരു യുവതാരത്തെ നായകസ്ഥാനത്തേക്ക് പരിഗണിക്കുന്നെന്ന റിപ്പോര്‍ട്ടുകളാണ് രാഹുലിന്റെ വരവിനെ ചൂടേറിയതാക്കുന്നത്. രോഹിത്തിനേക്കാള്‍ ചെറുപ്പമാണ് കെ.എല്‍ രാഹുല്‍. രോഹിത്തിന് 34 ഉം രാഹുലിന് 29ഉം ആണ് പ്രായം. നായക ഭാരമില്ലാതെ ബാറ്റ് വീശാനുള്ള രാഹുലിന്റെ കഴിവ് ഐ.പി.എല്ലിലൂടെ ഇതിനോടകം തെളിയിക്കപ്പെട്ടിട്ടുള്ളതാണ്. അതിനാല്‍ ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഭാവി മുന്നില്‍ക്കണ്ട് ബി.സി.സി.ഐ ഒരു ശക്തമായ തീരുമാനത്തിലേക്കെത്തിയാല്‍ രാഹുലിനാവും നറുക്ക് വീഴുകയെന്നാണ് വിവരം.

On KL Rahul's form, Captain Kohli has a song to sing | Deccan Herald

Read more

ഇന്ത്യന്‍ ഇതിഹാസ താരം സുനില്‍ ഗവാസ്‌കര്‍ ഇതിനോടകം തന്നെ നായക സ്ഥാനത്തേക്ക് രാഹുലിനെ നിര്‍ദ്ദേശിച്ച് കഴിഞ്ഞു. ഇന്ത്യ ഒരു പുതിയ ക്യാപ്റ്റനെ വാര്‍ത്തെടുക്കാന്‍ നോക്കുകയാണെങ്കില്‍, കെ.എല്‍ രാഹുലിനെ തിരഞ്ഞെടുക്കാവുന്നതാണെന്നാണ് ഗവാസ്‌കര്‍ അഭിപ്രായപ്പെട്ടത്. ഐ.പി.എല്ലില്‍ അദ്ദേഹം വളരെ ശ്രദ്ധേയമായ നേതൃത്വഗുണങ്ങള്‍ പ്രകടിപ്പിച്ചിട്ടുണ്ടെന്നും ക്യാപ്റ്റന്‍സിയുടെ ഭാരം തന്റെ ബാറ്റിംഗിനെ ബാധിക്കാന്‍ അദ്ദേഹം അനുവദിച്ചിട്ടില്ലെന്നും രാഹുലിന്റെ ഗുണങ്ങളായി ഗവാസ്‌കര്‍ ചൂണ്ടിക്കാണിച്ചു. 49 ടി20യില്‍ നിന്ന് 39.92 ശരാശരിയില്‍ 1557 റണ്‍സാണ് രാഹുലിന്റെ പേരിലുള്ളത്.