'കളി തോറ്റതിന്റെ കാരണം വളരെ വ്യക്തമാണ്'; അടുത്ത സീസണില്‍ കാണാമെന്ന് രാഹുല്‍

ഐപിഎല്‍ 15ാം സീസണിലെ എലിമിനേറ്റര്‍ പോരാട്ടത്തില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റസിനെ തോല്‍പ്പിച്ചു റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ക്വാളിഫലയറിലേക്ക് എത്തിയിരിക്കുകയാണ്. 14 റണ്‍സിനാണ് ലഖ്‌നൗ റോയല്‍ ചലഞ്ചേഴ്‌സിനോട് അടിയറവ് പറഞ്ഞത്. രജിത് പഠിതാറിന്റെ സെഞ്ച്വറി (112) പ്രകടനമാണ് കളിയില്‍ നിര്‍ണായകമായത്. ഇപ്പോഴിതാ മത്സരത്തിന്റെ പരാജയകാരത്തിലേക്ക് വിരല്‍ ചൂണ്ടിയിരിക്കുകയാണ് ലഖ്‌നൗ നായകന്‍ കെഎല്‍ രാഹുല്‍.

‘മത്സരം വിജയിക്കാത്തതിന്റെ കാരണം വളരെ വ്യക്തമാണ്. ഫീല്‍ഡിംഗില്‍ ഞങ്ങള്‍ വളരെ മോശമായിരുന്നു. സിംപിള്‍ ക്യാച്ചുകള്‍ നഷ്ടപ്പെടുന്നത് ഒരിക്കലും സഹായിക്കുകയില്ല. ഇരു ടീമുകളുടേയും വിത്യാസം രജിത് പഠിതാറിന്റെ ഇന്നിംഗ്‌സാണ്.’

‘ടോപ്പ് ത്രിയിലെ ആരെങ്കിലും സെഞ്ചുറി നേടിയാല്‍ ആ ടീമാണ് വിജയിക്കാന്‍ സാധ്യത. അവര്‍ ഫീല്‍ഡിങ്ങില്‍ മികച്ചു നിന്നു. ഞങ്ങള്‍ വളരെ മോശമായിരുന്നു. ടൂര്‍ണമെന്റില്‍ പുറത്തായെങ്കിലും ഒരുപാട് പോസീറ്റിവോടെയാണ് തിരിച്ചു പോകുന്നത്.’

‘മൊഹ്സിന്‍ താന്‍ എത്ര മികച്ചതാണെന്നും തന്റെ കഴിവ് എന്താണെന്നും എല്ലാവര്‍ക്കും കാണിച്ചുകൊടുത്തു. അവന്‍ ആത്മവിശ്വാസത്തോടെ വളരുമ്പോള്‍, വളരെ ഉയര്‍ന്ന വേഗതയുള്ള സ്പീഡ് അവന് ലഭിക്കും. അടുത്ത സീസണോടെ അവന്‍ കുറച്ച് കൂടിമെച്ചപ്പെട്ട് വളരുമെന്നാണ് പ്രതീക്ഷ. അടുത്ത സീസണില്‍ കൂടുതല്‍ ശക്തിയോടെ തിരിച്ചു വരാന്‍ ശ്രമിക്കും’ രാഹുല്‍ പറഞ്ഞു.

ആദ്യം ബാറ്റ് ചെയ്ത ആര്‍സിബി നാല് വിക്കറ്റ് നഷ്ടത്തില്‍ 207 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ ലഖ്നൗവിന് ആറ് വിക്കറ്റ് നഷ്ടത്തില്‍ 193 റണ്‍സാണ് നേടാനായത്. കെ എല്‍ രാഹുലും (79), ദീപക് ഹൂഡയും (45) ലഖ്നൗവിനായി പൊരുതിയെങ്കിലും ആര്‍സിബിയുടെ മികവിനെ മറികടക്കാനായില്ല. ആര്‍സിബിക്കായി ജോഷ് ഹെയ്സല്‍വുഡ് മൂന്നും മുഹമ്മദ് സിറാജ്, വനിന്‍ഡു ഹസരങ്ക, ഹര്‍ഷല്‍ പട്ടേല്‍ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.