ഇനി ഓപ്പണര്‍മാര്‍ നയിക്കും; രാഹുല്‍ പുതിയ വൈസ് ക്യാപ്റ്റന്‍

ടി20ക്കു പിന്നാലെ ഇനി ഏകദിനത്തിലും കെഎല്‍ രാഹുല്‍ തന്നെയായിരിക്കും ഇന്ത്യയുടെ പുതിയ വൈസ് ക്യാപ്റ്റനെന്ന് റിപ്പോര്‍ട്ടുകള്‍. ബിസിസിഐ ഒഫീഷ്യലിനെ ഉദ്ധരിച്ച് ഇന്‍സൈഡ് സ്പോര്‍ട്ടാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതോടെ വരാനിരിക്കുന്ന ദക്ഷിണാഫ്രിക്കന്‍ പര്യടനത്തില്‍ രോഹിത്തിനൊപ്പം രാഹുലും ചേര്‍ന്നാവും ടീം ഇന്ത്യയെ നയിക്കുക.

കെഎല്‍ രാഹുലായിരിക്കും ഇന്ത്യയുടെ അടുത്ത വൈസ് ക്യാപ്റ്റന്‍. നിശ്ചിത ഓവര്‍ ഫോര്‍മാറ്റില്‍ ടീമിലെ സ്ഥിരാംഗമാണ് അദ്ദേഹം. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി രാഹുല്‍ വളരെ മികച്ച പ്രകടനമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. കരിയറില്‍ ഇനി ആറ്-ഏഴ് വര്‍ഷങ്ങള്‍ അദ്ദേഹത്തിനു ശേഷിക്കുകയും ചെയ്യുന്നുണ്ട്. ഇന്ത്യയുടെ ഭാവി ക്യാപ്റ്റനായി രാഹുലിനെ വളര്‍ത്തിക്കൊണ്ടു വരുവാന്‍ കഴിയും. രോഹിത് ശര്‍മ, വിരാട് കോഹ്‌ലി, കോച്ച് രാഹുല്‍ ദ്രാവിഡ് എന്നിവര്‍ ഒപ്പമുള്ളതിനാല്‍ ഒരുപാട് കാര്യങ്ങള്‍ പഠിക്കുവാനും രാഹുലിന് കഴിയുമെന്ന് ബിസിസിഐ ഒഫീഷ്യല്‍ പറഞ്ഞു.

Mohammad Rizwan, KL Rahul advance in ICC Men's T20I Rankings, Virat Kohli out of top 10

ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിലെ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല ഈ മാസം അവസാനത്തോടെയായിരിക്കും പ്രഖ്യാപനമെന്നാണ് വിവരം. രാഹുലിനെ പുതിയ വൈസ് ക്യാപ്റ്റനായും ഇതോടൊപ്പം തന്നെ പ്രഖ്യാപിക്കുമെന്നാണ് അറിയുന്നത്. നേരത്തെ ന്യൂസിലാന്‍ഡിനെതിരായ ടി20 പരമ്പരയില്‍ ഉപനായകനായി രാഹുലിനെ നിയമിച്ചിരുന്നു.

ടി20ക്കു പിന്നാലെ ഇന്ത്യന്‍ ഏകദിന ക്രിക്കറ്റ് ടീമിന്റെയും നായകനായി രോഹിത് ശര്‍മയെ നിയമിച്ചിരുന്നു. ടെസ്റ്റില്‍ പുതിയ വൈസ് ക്യാപ്റ്റനും രോഹിത്താണ്. നേരത്തെ ടി20 ലോക കപ്പോടെ വിരാട് കോഹ്ലി ടി20 നായക സ്ഥാനം ഒഴിഞ്ഞിരുന്നു. സമീപകാലത്തെ മോശം ഫോമാണ് ടെസ്റ്റിലെ അജിങ്ക്യ രഹാനെയും ഉപനായക സ്ഥാനം തെറിപ്പിച്ചത്.