ആ താരത്തിന് കരിയര്‍ എന്‍ഡ്, അമ്പരപ്പിക്കുന്ന റെക്കോഡുമായി രാഹുല്‍

ന്യൂസിലന്‍ഡിനെതിരെ രണ്ടാം ടി20യിലും തകര്‍പ്പന്‍ പ്രകടനം കാഴ്ച്ചവെച്ച ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ കെഎന്‍ രാഹുലിനെ തേടി അപൂര്‍വ്വ റെക്കോഡ്. വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാനായി കളത്തിലിറങ്ങിയ ആദ്യ രണ്ട് ട്വന്റി20യിലും അര്‍ദ്ധശതകം പിന്നിട്ട ആദ്യ താരം എന്ന റെക്കോഡ് ആണ് രാഹുല്‍ തന്റെ പേരിലാക്കിയത്.

ഓക് ലന്‍ഡില്‍ നടന്ന രണ്ടാം ട്വന്റി20യില്‍ 50 പന്തില്‍ നിന്ന് 56 റണ്‍സ് എടുത്താണ് രാഹുല്‍ ഇന്ത്യയെ ജയത്തിലേക്കെത്തിച്ചത്. ട്വന്റി20യിലെ രാഹുലിന്റെ 11ാം അര്‍ദ്ധശതകമാണ് ഇത്. ഓസ്ട്രേലിയക്കെതിരായ മൂന്ന് ഏകദിനങ്ങള്‍ ഉള്‍പ്പെടെ ഇന്ത്യയുടെ കഴിഞ്ഞ അഞ്ച് കളികളില്‍ നാല് അര്‍ദ്ധശതകമാണ് രാഹുല്‍ നേടിയത്. 91, 45, 54, 56, 57 എന്നാണ് രാഹുലിന്റെ സ്‌കോര്‍.

ഇതോടെ ധോണിയുടെ പിന്‍ഗാമിയെന്ന വിശേഷണത്തോടെ ടീം ഇന്ത്യയിലെത്തിയ ദല്‍ഹി യുവതാരം റിഷഭ് പന്ത് ഏതാണ്ട് ടീം ഇന്ത്യയ്ക്ക് പുറത്തായ മട്ടായി. ഇന്ത്യയ്ക്കായി നിരവധി അവസരങ്ങള്‍ ഇതിനോടകം ലഭിച്ചു കഴിഞ്ഞ പന്തിന് വേണ്ടത്ര മികച്ച പ്രകടനം കാഴ്ച്ചവെയ്ക്കാന്‍ കഴിഞ്ഞിരുന്നില്ല.

Read more

ഇന്ത്യന്‍ പരിശീലകന്‍ രവി ശാസ്ത്രി അടക്കമുളളവര്‍ ഇതിനോടകം തന്നെ പന്തിനെ തള്ളിക്കഴിഞ്ഞു. ഇനി അഭ്യന്തര ക്രിക്കറ്റില്‍ മികവ് തെളിയിച്ചാല്‍ മാത്രമേ പന്തിന് ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചെത്താനാകൂ.