ചാരത്തില്‍ നിന്നും ഉയിര്‍ത്തെഴുന്നേറ്റ കെ.കെ.ആര്‍, 2021- ലെ അത്ഭുത ടീം!

IPL ആദ്യ പാദം കഴിയുമ്പോള്‍ 7 മാച്ചില്‍ 2 ജയവുമായി 4 പോയിന്റ് മാത്രം 7 -ാമത് നില്‍ക്കുന്ന ഒരു ടീം പിന്നീട് എലിമിനേറ്റര്‍ അടക്കം കളിച്ച് 9 കളികളില്‍ 7 വിജയങ്ങളും നേടി ഫൈനലിലെത്തുക. KKR IPL 2021ലെ അത്ഭുത ടീമായി മാറിക്കഴിഞ്ഞു. എലിമിനേറ്ററില്‍ കാണിച്ച മണ്ടത്തരങ്ങള്‍ക്കും KKR ന്റെ ഭാഗ്യത്തെ തടയാന്‍ പറ്റിയില്ല.

136 എന്ന താരതമ്യേന ചെറിയ ലക്ഷ്യം പിന്തുടരുമ്പോള്‍ 12 ഓവര്‍ കഴിയുമ്പോഴേക്കും വിക്കറ്റ് നഷ്ടമില്ലാതെ അവര്‍ 96 ലെത്തിയിരുന്നു.അതു കൊണ്ട് ചടങ്ങുകള്‍ മാത്രം ബാക്കിയായത് കൊണ്ടു തന്നെ നിതീഷ് റാണയുടെ അനായാസ ക്യാച്ച് അശ്വിന്‍ നിലത്തിട്ടപ്പോള്‍ അത് ഡല്‍ഹി ടീമിനോ കാണികള്‍ക്കോ വലിയ നിരാശയുമുണ്ടാക്കിയില്ലായിരുന്നു.

Image

17 -ാം ഓവര്‍ മുതല്‍ക്കാണ് കാര്യങ്ങള്‍ മാറി മറിഞ്ഞത്.
കൊല്‍ക്കത്ത ഒരു വിക്കറ്റിന് 123 റണ്‍. വേണ്ടത് 24 പന്തില്‍ വെറും 13 റണ്‍സ്. 9 വിക്കറ്റുകളും ബാക്കി. പിന്നെ കണ്ടത് യക്ഷിക്കഥയെ വെല്ലുന്ന ഒരു ക്‌ളൈമാക്‌സ് ആയിരുന്നു.

ടീമിനെ വിജയതീരത്തെത്തിക്കുമെന്നുറപ്പിച്ച് സമര്‍ത്ഥമായി ഇന്നിംഗ്സ് കൊണ്ടു പോയ ഗില്‍ 46 റണ്‍സുമായി ആവേശ് ഖാനു വിക്കറ്റ് സമ്മാനിച്ച് മടങ്ങുന്നു. 18 ആം ഓവറില്‍ റബാഡ വരുമ്പോള്‍ ലക്ഷ്യം 18 പന്തില്‍ 10 ആയിരുന്നു. 6 വിക്കറ്റുകള്‍ ബാക്കി.റബാദ വഴങ്ങിയത് ഒരു റണ്‍.ഒപ്പം കാര്‍ത്തിക്കിന്റെ വിക്കറ്റും.

Image

ലക്ഷ്യം 12 പന്തില്‍ 9 .നോര്‍ജെയുടെ ഓവറില്‍ നായകന്‍ മോര്‍ഗനെ നഷ്ടപ്പെട്ട കൊല്‍ക്കത്ത നേടിയത് വെറും 3 റണ്‍. അശ്വിന്‍ എറിഞ്ഞ അവസാനഓവറില്‍ 6 റണ്‍ വേണ്ടിയിരുന്ന കൊല്‍ക്കത്ത ഒരു മഹാദുരന്തത്തിലേക്കാണ് എത്തിയത്.4 പന്തിനിടെ 2 വിക്കറ്റ് നഷ്ടപ്പെട്ടപ്പോള്‍ 24 പന്തില്‍ 9 വിക്കറ്റ് ശേഷിക്കെ 13 റണ്‍ വേണ്ടിയിരുന്ന ടീം അതു വരെ 22 പന്തില്‍ നേടിയത് 7 റണ്‍സും. നഷ്ടപ്പെടുത്തിയത് 6 വിക്കറ്റുകളും.

2 പന്തില്‍ 6 റണ്‍സ്. കളി ഡല്‍ഹിയുടെ കോര്‍ട്ടിലെത്തിയ നിമിഷം ഡല്‍ഹി ആരാധകരുടെ ഹൃദയം നിലച്ച ഷോട്ടിലൂടെ വിശ്വസ്തനായ രാഹുല്‍ ത്രിപാഠി സിക്‌സര്‍ പായിച്ചപ്പോള്‍ IPL ലെ ഏറ്റവും വലിയ ഞെട്ടലും പരിഹാസവും എന്ന വന്‍ നാണക്കേടില്‍ നിന്നു കൂടിയായിരുന്നു KKR രക്ഷപ്പെട്ടത്.

Image

ത്രിപാഠി നേടിയത് 11 പന്തില്‍ 12 റണ്‍ മാത്രമാണ്. അതിനിടെ കുറെ പന്തുകള്‍ അയാള്‍ പാഴാക്കിയെങ്കിലും അയാള്‍ക്ക് ശേഷം ബാറ്റിങ്ങിനിറങ്ങിയ 5 പേര്‍ സംപൂജ്യരാണെന്ന വസ്തുത കണക്കിലെടുക്കുമ്പോള്‍ ത്രിപാഠിയുടെ റണ്‍സുകള്‍ക്ക് വിലയിടാന്‍ പറ്റില്ല. ശ്വാസം നിലച്ച KKR ന് ഒരു പുതു ജീവനാണ് അയാള്‍ കൊടുത്തത്.

ഇരു ടീമുകളിലെയും പ്രധാന വ്യത്യാസം പവര്‍ പ്‌ളേ തന്നെയായിരുന്നു. പ്രിത്ഥി ഷാ ക്ക് ചെയ്യാന്‍ പറ്റാത്തത് വെങ്കിടേഷ് അയ്യറിന് പറ്റി. ഒന്നുമല്ലാതായിരുന്ന കൊല്‍ക്കത്തയുടെ മനോഭാവം പോലും മാറ്റിയത് രണ്ടാം പാദത്തില്‍ തരംഗമായി തന്റെ മൂന്നാം അര്‍ധ സെഞ്ചുറി നേടിയ ഫിയര്‍ലെസ് ബാറ്റര്‍ വെങ്കി തന്നെയാണെന്ന് ഉറപ്പിച്ചു പറയാം.

KKR vs DC, Qualifier 2, IPL 2021 - Cricbuzz

സീസണിലെ ഏറ്റവും മികച്ച ബാറ്റിങ്ങ് നിരയായിട്ടും നിര്‍ണായക മാച്ചില്‍ 4 ഓവറില്‍ 32 എത്തിയിട്ടും 15 ഓവറില്‍ 3 വിക്കറ്റുകള്‍ മാത്രം ബാക്കി നില്‍ക്കെ 90 റണ്‍സ് മാത്രമെടുത്ത ഡല്‍ഹി കളി തുലക്കുകയാണ് ചെയ്തത്. ക്യാപ്റ്റന്‍ പന്ത് തനത് ശൈലി മാറ്റി പ്രതിരോധത്തിലേക്ക് വലിയുന്നതും അവര്‍ക്ക് തിരിച്ചടിയായി.

സ്പിന്നര്‍മാര്‍ എറിഞ്ഞ 12 ഓവറില്‍ ഡല്‍ഹിക്ക് നേടാനായത് 81 റണ്‍ മാത്രം. ഷക്കിബും നരൈനും ഒപ്പമെറിയുമ്പോഴും രണ്ടാം പാദത്തില്‍ ഒരൊറ്റ മാച്ചില്‍ പോലും 7 നു മുകളില്‍ ഇക്കണോമി പോകാത്ത വരുണ്‍ ചക്രവര്‍ത്തി വീണ്ടും വിസ്മയിപ്പിച്ചു.

5 പേര്‍ റണ്‍സൊന്നും നേടാഞ്ഞിട്ടും കൊല്‍ക്കത്ത മത്സരം ജയിച്ചു. അവസാന നിമിഷം അവര്‍ പഞ്ചാബിനെ അനുസ്മരിപ്പിച്ചെങ്കിലും കടന്നു കൂടി.ലീഗില്‍ ഏറ്റവും കൂടുതല്‍ മത്സരം ജയിച്ചിട്ടും ഡല്‍ഹി ഫൈനലിനില്ല.വെങ്കിടേഷ്, ഗില്‍, ത്രിപാഠി, മാവി, ചക്രവര്‍ത്തി എന്നിവരൊന്നും ഇന്റര്‍നാഷണല്‍ തലത്തില്‍ മികവ് കാട്ടാന്‍ അവസരം കിട്ടിയവരല്ല. മറുവശത്ത് ഇത്രയും ആഢംബരമുള്ള ഒരു ടീം ഡല്‍ഹിക്ക് ലഭിക്കാനില്ലായിരുന്നു. ആദ്യ പ്‌ളേ ഓഫിലെ ബൗളിങ് പിഴവുകളും എലിമിനേറ്ററിലെ ബാറ്റിങ്ങ് പരാജയങ്ങളും അവര്‍ സ്വയം കുഴിച്ച കുഴി ആയിരുന്നു.

Image

തുടര്‍ച്ചയായ രണ്ടാം സീസണിലും ഐപിഎല്‍ ഫൈനലില്‍ കളിക്കാമെന്ന പ്രതീക്ഷ പാളിയതിന്റെ വിഷമം പന്തിലും ഷായിലും അവസാന ഘട്ടത്തില്‍ നിര്‍ണായകമായ ഫീല്‍ഡിങ്ങ് പിഴവിലൂടെ രണ്ട് റണ്‍സ് വിട്ട് നല്‍കിയ ശ്രേയസ് അയ്യറിലും കാണാമായിരുന്നു. നഷ്ടം ടീമിനെ ഒന്നിച്ചു കൊണ്ടു നടന്ന ഡല്‍ഹി ടീം ഡയറക്ടര്‍ റിക്കി പോണ്ടിംഗിന് കുടിയാണ്.

IPL 2021, CSK vs KKR playing 11: Sam Curran replaces Bravo in CSK line-up | Business Standard News

വരുന്നത് ബിഗ് ഫൈനലാണ്. രണ്ടു ലോകകപ്പ് ചാംപ്യന്‍മാരായ തന്ത്രശാലികള്‍ നയിക്കുന്ന ഫൈനല്‍. നിര്‍ണായക സമയത്ത് പതിന്‍മടങ്ങ് ശക്തി കാണിക്കുന്ന ചെന്നൈയും വേണ്ട സമയത്ത് പലപ്പോഴും അടിപതറുന്ന കൊല്‍ക്കത്തയും. ഫൈനലിലെ ചെന്നൈയുടെ ദൗര്‍ഭാഗ്യവും കൊല്‍ക്കത്തയുടെ ഭാഗ്യവും തിരുത്തപ്പെടുമോ ,ആവര്‍ത്തിക്കുമോ എന്ന് കാത്തിരുന്നു കാണാം. IPL ഫൈനലുകളില്‍ KKR 100 ശതമാനം റെക്കോര്‍ഡ് പുലര്‍ത്തുമ്പോള്‍ CSKയുടേത് 37.5 ശതമാനമാണ്.

സ്പാര്‍ക്ക് ബോയ് ഗേക്ക് വാദ് ഒരിക്കല്‍ കൂടി തങ്ങളെ സംരക്ഷിക്കുമെന്ന് ചെന്നൈ ആരാധകര്‍ പ്രതീക്ഷിക്കുമ്പോള്‍ ടൂര്‍ണമെന്റില്‍ സമ്പൂര്‍ണ്ണ ബാറ്റിംഗ് പരാജയമായ മോര്‍ഗന്‍ അവസാന മാച്ചില്‍ ചെന്നൈ നായകന്‍ ധോണി കാണിച്ച ബ്രില്യന്‍സ് ഏറ്റവും ആവശ്യമായ സമയത്ത് പുറത്തെടുക്കുമെന്ന് ആശിക്കുന്നു.

അതിനിടയിലും പുറത്തേക്ക് പോകുന്ന കോലിയുടേയും പന്തിന്റെയും മുഖം ക്രിക്കറ്റ് പ്രേമികള്‍ക്ക് ഒരു വേദന തന്നെയായി അവശേഷിക്കുന്നുണ്ടാകും.