സൂപ്പര്‍ താരങ്ങള്‍ക്ക് നിര്‍ബന്ധിത വിശ്രമം, നിര്‍ണായക തീരുമാനവുമായി കൊല്‍ക്കത്ത

ഫോമില്ലാതെ ഉഴലുന്ന കൊല്‍ക്കത്തന്‍ താരങ്ങള്‍ക്ക് വിശ്രമം നിര്‍ദേശിച്ച് ടീം മാനേജ്മെന്റെ്. ടീം നായകന്‍ ദിനേഷ് കാര്‍ത്തിക്, റോബിന്‍ ഉത്തപ്പ തുടങ്ങിയ താരങ്ങള്‍ക്കാണ് വിശ്രമം നിര്‍ദേശിച്ചിരിക്കുന്നത്. ഇന്ത്യയുടെ ലോക കപ്പ് ടീമില്‍ ഉള്‍പ്പെട്ട താരം കൂടിയാണ് ദിനേഷ് കാര്‍ത്തിക്.

വിക്കറ്റ് കീപ്പര്‍ നിഖില്‍ നായിക്, പേസര്‍ ശ്രീകാന്ത് മുണ്ടെ, പ്രഥ്വിരാജ് യാര എന്നിവരാണ് വിശ്രമം നിര്‍ദ്ദേശിച്ച മറ്റുളളവര്‍. സീസണില്‍ തുടര്‍ച്ചയായ അഞ്ച് തോല്‍വികള്‍ ഏറ്റുവാങ്ങിയതിന് പിന്നാലെയാണ് കൊല്‍ക്കത്ത ടീം മാനേജ്മെന്റിന്റെ നടപടി

നിലവിലെ പോയിന്റ് പ്രകാരം ആറാം സ്ഥാനത്താണ് കൊല്‍ക്കത്ത. വിശ്രമം ഇരുവരെ മാനസികമായി കരുത്തരാക്കുമെന്നാണ് മാനേജ്മെന്റ് വിലയിരുത്തുന്നത്.

കൊല്‍ക്കത്ത ട്രെയിനിംഗ് അക്കാഡമിയില്‍ സമയം ചെലവഴിക്കാനാണ് ഉത്തപ്പയുടെയും കാര്‍ത്തികിന്റെയും തീരുമാനമെന്നറിയുന്നു. പത്ത് മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ ഒരു അര്‍ദ്ധ സെഞ്ച്വറിയുമായി 117 റണ്‍സെടുക്കാനെ ഇന്ത്യയുടെ ലോക കപ്പ് അംഗം കൂടിയായ കാര്‍ത്തികിനായുള്ളൂ. കാര്‍ത്തികിന്റെ ക്യാപ്റ്റന്‍സിയെ സംബന്ധിച്ചും ചോദ്യങ്ങളുയരുന്നുണ്ട്.

ഉത്തപ്പയുടെ കാര്യവും ഏതാണ്ട് സമമാണ്. കാര്‍ത്തികിനെക്കാള്‍ റണ്‍സ് ഉണ്ടെങ്കിലും സ്ഥിരതയില്ല. നിര്‍ണായ ഘട്ടങ്ങളില്‍ ഉത്തപ്പയുടെ മെല്ലേപ്പോക്കും ടീമിന് തലവേദനയാണ്. രാജസ്ഥാന്‍ റോയല്‍സിനെതിരെയാണ് കൊല്‍ക്കത്തയുടെ അടുത്ത മത്സരം.