രോഹിതിന് കീഴില്‍ ഇന്ത്യ കസറുമെന്ന് കിവി പേസര്‍

ഏകദിന, ട്വന്റി20 ടീമുകളുടെ പുതിയ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയ്ക്ക് കീഴില്‍ ഇന്ത്യന്‍ ടീം മികച്ച പ്രകടനം കാഴ്ച്ചവെയ്ക്കുമെന്ന് ന്യൂസിലന്‍ഡ് പേസര്‍ ട്രെന്റ് ബൗള്‍ട്ട്. ഇന്ത്യയെ രോഹിത് എങ്ങനെ നയിക്കുന്നുവെന്നത് കാണാന്‍ ആവേശത്തോടെ കാത്തിരിക്കുകയാണെന്നും ബൗള്‍ട്ട് പറഞ്ഞു.

രോഹിത് പരിചയസമ്പന്നനായ താരമാണ്. ഇന്ത്യയെ എങ്ങനെ അദ്ദേഹം നയിക്കുമെന്നത് ആകാംക്ഷയുണ്ടാക്കുന്ന കാര്യമാണ്. മുംബൈ ഇന്ത്യന്‍സില്‍ രോഹിതിനു കീഴില്‍ കളിക്കുന്നത് ആസ്വദിച്ചിരുന്നു. രോഹിതിന്റെ ക്യാപ്റ്റന്‍സിയെയെയും തന്ത്രങ്ങളെയും ബൗണ്ടറി ലൈനില്‍ ഫീല്‍ഡ് ചെയ്യുന്ന സമയത്ത് നിരീക്ഷിച്ചിരുന്നു. രോഹിതിന് കീഴില്‍ ഇന്ത്യ നല്ല പ്രകടനം കാഴ്ച്ചവെയ്ക്കുമെന്ന് ഉറപ്പുണ്ട്- ബൗള്‍ട്ട് പറഞ്ഞു.

മുംബൈ ഇന്ത്യന്‍സിനൊപ്പം സമ്മര്‍ദ്ദനിമിഷങ്ങളില്‍ രോഹിത് ഏറെ വിജയങ്ങള്‍ നേടിയിരുന്നു. നായകനെന്ന നിലയില്‍ രോഹിത് സമ്മര്‍ദ്ദത്തെ മികച്ച രീതിയില്‍ കൈകാര്യം ചെയ്യുന്നു. രോഹിതിന്റെ ഐപിഎല്‍ പരിചയം ഇന്ത്യക്ക് ഗുണം ചെയ്യും- ബൗള്‍ട്ട് കൂട്ടിച്ചേര്‍ത്തു.