സച്ചിന്‍ ബേബി മാജിക്ക്; ഡല്‍ഹിയെ അട്ടിമറിച്ച് കേരളം

Gambinos Ad
ript>

ധര്‍മ്മശാല: വിജയ് ഹസാര ട്രോഫിയില്‍ ഡല്‍ഹിയ്‌ക്കെതിരെ കേരളത്തിന് ആവേശോജ്വല വിജയം. രണ്ട് വിക്കറ്റിനാണ് കേരളം ഡല്‍ഹിയെ തോല്‍പിച്ചത്. അര്‍ധ സെഞ്ച്വറിയുമായി ക്യാപ്റ്റന്റെ ഇന്നിംഗ്‌സ് പുറത്തെടുത്ത സച്ചിന്‍ ബേബിയാണ് കേരളത്തിന് തകര്‍പ്പന്‍ ജയമൊരുക്കിയത്.

Gambinos Ad

ഡല്‍ഹി ഉയര്‍ത്തിയ 178 റണ്‍സ് വിജയ ലക്ഷ്യം കേരളം 35.4 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ മറികടക്കുകയായിരുന്നു. ടൂര്‍ണമെന്റില്‍ കേരളത്തിന്റെ രണ്ടാമത്തെ ജയമാണിത്. നേരത്തെ ത്രിപുരയേയും കേരളം തോല്‍പിച്ചിരുന്നു.

ഔട്ട് ഫീല്‍ഡ് നനഞ്ഞതിനാല്‍ ബാറ്റിംഗ് ദുഷ്‌ക്കരമായ പിച്ചില്‍ സച്ചിന്‍ ബേബി 52 റണ്‍സെടുത്തു. 57 പന്തില്‍ ഏഴ് ബൗണ്ടറി സഹിതമായിരുന്നു സച്ചിന്‍ ബേബിയുടെ ബാറ്റിംഗ്. സഞ്ജു സാംസണ്‍ 29ഉം ജലജ് സക്‌സേന 26ഉം വിഷ്ണു വിനോദ് 21ഉം റണ്‍ റണ്‍സെടുത്തു.

പുറത്താകാതെ 21 റണ്‍സെടുത്ത മുഹമ്മദ് അസ്ഹറുദ്ദീന്റെ ബാറ്റിംഗ് കേരളത്തിന് നിര്‍ണായകമാകുകയായിരുന്നു. ഡല്‍ഹിയ്ക്കായി നവദീപ് നാല് വിക്കറ്റ് വീഴ്ത്തി.

നേരത്തെ 42 ഓവറാക്കി ചുരുക്കിയ മത്സരത്തില്‍ മലയാളി താരം നിധീഷിന്റെ തകര്‍പ്പന്‍ ബൗളിംഗ് പ്രകടനത്തിന്റെ സഹായത്തോടെയാണ് കേരളം ഡല്‍ഹിയെ ചെറിയ സ്‌കോറിന് ഒതുക്കിയത്. നിധീഷ് 8.3 ഓവറില്‍ 41 റണ്‍സ് വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തി. ഫനൂസ് രണ്ടും അഭിഷേക് മോഹന്‍, ജലജ് സക്സേന, രോഹണ്‍ പ്രേം എന്നിവര്‍ ഒരോ വിക്കറ്റ് വീതവും വീഴ്ത്തി.

ടോസ് നേടി ബൗളിംഗ് തെരഞ്ഞെടുത്ത കേരള നായകന്‍ സച്ചിന്‍ ബേബിയെ ശരിവെക്കുന്ന പ്രകടനായിരുന്നു ബൗളര്‍മാര്‍ നടത്തിയത്. സ്‌കോര്‍ ബോര്‍ഡില്‍ 16 റണ്‍സെത്തിയപ്പോള്‍ ഡല്‍ഹിക്ക് ആദ്യ വിക്കറ്റ് നഷ്ടമായി. ഓപ്പണര്‍ ഉന്മുക്ത് ചന്ദിനെ ഫനൂസ് പുറത്താക്കുകയായിരുന്നു. ഒന്‍പത് റണ്‍സെടുത്ത ഹിതേന്‍ ദലാലിനെ പുറത്താക്കി നിധീഷ് തന്റെ വിക്കറ്റ് വേട്ടയ്ക്ക് തുടക്കമിട്ടതോടെ ഡല്‍ഹിയുടെ നില പരുങ്ങലിലായി.

71 റണ്‍സെടുത്ത ധ്രുവ് ഷോറെയ് ഒരുവശത്ത് പിടിച്ചു നിന്നെങ്കിലും മറുവശത്ത് ബാറ്റ്‌സ്മാന്‍മാര്‍ പവലിയനിലേക്കുള്ള ഘോഷയാത്ര നടത്തുകയായിരുന്നു. 25 റണ്‍സ് വീതമെടുത്ത ഋഷഭ് പന്തും പ്രദീപ് സാഗ്വാനും പൊരുതി നോക്കിയെങ്കിലും ഡല്‍ഹി സ്‌കോര്‍ 177ല്‍ അവസാനിക്കുകയായിരുന്നു.