കൈപിടിച്ച് സഞ്ജുവും ജലജും; കരുതലോടെ കേരളം

രഞ്ജി ട്രോഫി ക്വാര്‍ട്ടര്‍ ഫൈനലില്‍ കരുതലോടെ കേരളത്തിന്റെ മുന്നേറ്റം. നാലാം വിക്കറ്റില്‍ ഒത്തുച്ചേര്‍ന്ന ജലജ് സക്‌സേനയും സഞ്ജു സാംസണും കേരളത്തെ 100 കടത്തി. മത്സരത്തില്‍ ലീഡ് നിര്‍ണ്ണായകമായതിനാല്‍ കേരളം ശ്രദ്ധയോടെയാണ് ഓരോ നീക്കവും നടത്തുന്നത്.

രണ്ടിന് 32 റണ്‍സ് എന്ന നിലയില്‍ മൂന്നാം ദിവസം കളി തുടങ്ങിയ കേരളത്തിന് രോഹണ്‍ പ്രേമിന്റെ വിക്കറ്റാണ്
നഷ്ടമായത്. 29 റണ്‍സാണ് രോഹണ്‍ സ്വന്തമാക്കിയത്. തുടര്‍ന്ന് ക്രീസിലെത്തിയ സഞ്ജു ജലജുമായി ചേര്‍ന്ന കേരള സ്‌കോര്‍ മുന്നോട്ട് നയിക്കുകയാണ്.

ജലജ് സക്‌സേന 39ഉം സഞ്ജു സാംസണ്‍ 32ഉം റണ്‍സും എടുത്തിട്ടുണ്ട്. ഒടുവില്‍ റിപ്പോര്‍ട്ട് കിട്ടുമ്പോള്‍ കേരളം മൂന്ന് വിക്കറ്റിന് 115 റണ്‍സ് എന്ന നിലയിലാണ്.

നേരത്തെ ഒന്നാം ഇന്നിംഗ്‌സില്‍ വിദര്‍ഭ ഭേദപ്പെട്ട സ്‌കോര്‍ സ്വന്തമാക്കിയിരുന്നു. വാലറ്റം അസാമാന്യ പോരാട്ടവീര്യം കാഴ്ച്ചവെച്ച മത്സരത്തില്‍ 246 റണ്‍സാണ് വിദര്‍ഭ ഒന്നാം ഇന്നിംഗ്സില്‍ നേടിയത്. 9ന് 193 എന്ന പരിതാപകരമായ അവസ്ഥയിലായിരുന്ന വിദര്‍ഭയെ പത്താം വിക്കറ്റില്‍ വഖാരെയും (27 നോട്ടൗട്ട്) ലളിത് യാദവും (24) ചേര്‍ന്ന് നേടിയ 53 റണ്‍സ് 246ല്‍ എത്തിച്ചു

ഏഴാമതായി ഇറങ്ങി അര്‍ധ സെഞ്ച്വറി നേടിയ വാഡ്കറും (53) എട്ടാമതായി ഇറങ്ങിയ സര്‍ത്തും (36) വിദര്‍ഭയെ വന്‍ തകര്‍ച്ചയില്‍ നിന്നും കരകയറ്റിയത്. മല്‍സരം സമനിലയിലായാല്‍ ഒന്നാം ഇന്നിങ്സില്‍ ലീഡു നേടുന്നവരാകും സെമിയിലേക്ക് യോഗ്യത നേടുകയെന്നതിനാല്‍ കരുതലോടെയായിരുന്നു വിദര്‍ഭയുടെ നീക്കം.

നേരത്തെ, കെ.സി.അക്ഷയ്യുടെ തകര്‍പ്പന്‍ ബോളിങ് പ്രകടനമാണ് കരുത്തരായ വിദര്‍ഭയെ പിടിച്ചുകെട്ടാന്‍ കേരളത്തിന് സഹായകരമായത്. 31 ഓവറില്‍ 66 റണ്‍സ് മാത്രം വഴങ്ങി കേരളത്തിന്റെ ഈ പുതിയ ബോളിങ് ഹീറോ അഞ്ച് വിക്കറ്റു വീഴ്ത്തി. ജലജ് സക്സേന മൂന്നു വിക്കറ്റുകളും സ്വന്തമാക്കി.