നിര്‍ഭാഗ്യം വേട്ടയാടി വിഷ്ണു, കേരളം അത്ഭുത വിജയം നേടുമോ?

Gambinos Ad

കേരളത്തിനെതിരെ രഞ്ജി ട്രോഫി മത്സരത്തില്‍ മധ്യപ്രദേശിന് 190 റണ്‍സ് വിജയലക്ഷ്യം. രണ്ടാം ഇന്നിംഗ്‌സില്‍ കേരളം 455 റണ്‍സ് സ്വന്തമാക്കിയതോടെയാണ് വിജയലക്ഷ്യം നിര്‍ണയിക്കപ്പെട്ടത്. വിഷ്ണു വിനോദ് 193 റണ്‍സുമായി പുറത്താകാതെ നിന്നു.

Gambinos Ad

എട്ടിന് 390 റണ്‍സ് എന്ന നിലയില്‍ നാലാം ദിവസം ബാറ്റിംഗ് തുടങ്ങിയ കേരളത്തിനെ വിഷ്ണുവും ബേസില്‍ തമ്പിയും അനായാസം മുന്നോട്ട് നയിക്കുകയായിരുന്നു. ഇതിനിടെ വ്യക്തിഗത സ്‌കോര്‍ 57ല്‍ നില്‍ക്കെ ശുഭ്മാന്‍ ഷര്‍മ്മയുടെ പന്തില്‍ ബേസില്‍ പുറത്തായി. 107 പന്തില്‍ എട്ട് ഫോറും രണ്ട് സിക്‌സും സഹിതമാണ് ബേസില്‍ 57 റണ്‍സെടുത്തത്. എന്നാല്‍ പിന്നീട് വന്ന സന്ദീപ് വാര്യര്‍ ആദ്യ പന്തില്‍ തന്നെ പുറത്തായതോടെ കേരളത്തിന് ലീഡ് 200 കടത്താമെന്ന പ്രതീക്ഷ അവസാനിച്ചു.

മാത്രമല്ല തന്റെ കരിയറിലെ ആദ്യ സെഞ്ച്വറി തന്നെ ഡബിള്‍ സെഞ്ച്വറിയാക്കാമെന്ന വിഷ്ണുവിന്റെ സ്വപ്‌നം കൂടിയാണ് ഇതോടെ പൊളിഞ്ഞത്. 282 പന്തുകള്‍ നേരിട്ട് 23 ഫോറും ഒരു സിക്‌സും സഹിതമാണ് വിഷ്ണു പുറത്താകാതെ 193 റണ്‍സെടുത്തത്.

നേരത്തെ കേരളത്തിനായി നായകന്‍ സച്ചിന്‍ ബേബിയും സെഞ്ച്വറി നേടിയിരുന്നു. 211 പന്തില്‍ 14 ഫോറും മൂന്ന് സിക്‌സും സഹിതമാണ് സച്ചിന്‍ 143 റണ്‍സെടുത്തത്. എട്ട് റണ്‍സെടുക്കുന്നതിനിടെ നാല് വിക്കറ്റുകള്‍ നഷ്ടമായ കേരളത്തെ ഇന്നിംഗ്‌സ് തോല്‍വിയെന്ന നാണക്കേടില്‍ നിന്നും രക്ഷിച്ചത് വിഷ്ണുവിന്റേയും സച്ചിന്റെയും സമാനതകളില്ലാത്ത പ്രകടനമാണ്.

ഒന്നാം ഇന്നിംഗ്സില്‍ കേരളം 265 റണ്‍സ് ലീഡ് വഴങ്ങിയിരുന്നു. കേരളത്തിന്റെ ഒന്നാം ഇന്നിംഗ്സ് സ്‌കോറായ 63 റണ്‍സിനെതിരെ മധ്യപ്രദേശ് 328 റണ്‍സാണ് അടിച്ച് കൂട്ടിയത്.