പുതിയ പരിശീലകനെ പ്രഖ്യാപിക്കാന്‍ ഒരുങ്ങി ബ്ലാസ്റ്റേഴ്‌സ്, അന്തിമപട്ടിക പുറത്ത്

ഐഎസ്എല്ലില്‍ തുടര്‍ച്ചയായി മോശം പ്രകടനം നടത്തി നാണംകെടുന്ന കേരള ബ്ലാസ്റ്റേഴ്‌സ് പുതിയ സീസണിനായി തയ്യാറെടുപ്പ് ആരംഭിച്ചതായി റിപ്പോര്‍ട്ട്. ഇതിന്റെ ഭാഗമായി ഏഴാം സീസണിനിടെ പുറത്താക്കിയ സ്പാനിഷ് പരിശീലകന്‍ കിബു വികൂനയ്ക്ക് പകരക്കാരനെ ഉടന്‍ പ്രഖ്യാപിക്കുമെന്നാണ് പ്രമുഖ ഇംഗ്ലീഷ് ദിനപത്രമായ ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ബ്ലാസ്‌റ്റേഴ്‌സിന്റെ പരിശീലകനാകാന്‍ ആഗ്രഹമുളള നൂറ്റമ്പതിലധികം പേരുടെ പ്രൊഫൈലുകള്‍ സ്പോട്ടിംഗ് ഡയറക്ടര്‍ കരോളിസ് സ്‌കിന്‍കിസ് പരിശോധിച്ച് വരുകയാണത്രെ.

മുന്‍ ഹെഡ് കോച്ച് എല്‍കോ ഷട്ടോരി, ബാഴ്സലോസണയുടെ അസിസ്റ്റന്റ് കോച്ച് യൂസേബിയോ സക്രിസ്റ്റന്‍, ഓസീസ് കോച്ച് കെവില്‍ വിന്‍സന്റ് മസ്‌കറ്റ് എന്നിവരാണ് അന്തിമപട്ടികയില്‍ ഇടംപിടിച്ചിരിക്കുന്നത് എന്നാണ് വിവരം.

2019-20 സീസണില്‍ ബ്ലാസ്റ്റേഴ്സിന്റെ കോച്ചായിരുന്നു ഷട്ടോരി. കിബു വിക്കുനയ്ക്ക് വേണ്ടിയാണ് ഷട്ടോരി വഴി മാറിയത്. ഷട്ടോരിയെ തന്നെ നിലനിര്‍ത്തണം എന്ന ആരാധകരുടെ ആവശ്യങ്ങള്‍ക്കിടെയാണ് ബ്ലാസ്റ്റേഴ്സ് വികുനയെ കൊണ്ടു വന്നിരുന്നത്. എന്നാല്‍ വികൂനയ്ക്ക് കാര്യമായി ഒന്നും ചെയ്യാന്‍ സാധിച്ചില്ല.

മുന്‍ ബാഴ്സ താരം ബാഴ്സ ബി ടീമിന്റെ പരിശീലകനുമായിരുന്നു പട്ടികയിലുള്ള യുസേബിയോ. 1988ലെ യൂറോ കപ്പില്‍ സ്പെയിനിനായി കളിച്ചിട്ടുണ്ട്. ബാഴ്സയില്‍ നിന്ന് ആരംഭിച്ച കോച്ചിംഗ് കരിയര്‍ സെല്‍റ്റ, റയല്‍ സോസീഡാസ്, ജിറോണ എന്നിവിടങ്ങളില്‍ തുടര്‍ന്നു. 2011ലാണ് ബാഴ്സ ബി ടീമിന്റെ പരിശീലകനായിരുന്നത്.

ഓസീസ് മുന്‍ താരവും സിന്റ് ട്രുഡെന്‍ പരിശീലകനുമായിരുന്ന കെവില്‍ മസ്‌കറ്റാണ് മറ്റൊരു പേര്‍. മെല്‍ബണ്‍ വിക്ടറിയെയും പരിശീലിപ്പിച്ചിട്ടുണ്ട്.