പന്തിന് മോഹഭംഗം, ഇന്ത്യയുടെ അന്തിമ ലോക കപ്പ് ടീമിനെ പ്രഖ്യാപിച്ചു

ഇംഗ്ലണ്ടില്‍ ലോക കപ്പ് തുടങ്ങാന്‍ ദിവസങ്ങള്‍ മാത്രം അവശേഷിക്കെ ഇന്ത്യയുടെ അന്തിമ ലോക കപ്പ് ടീം ഒരുങ്ങി. നേരത്തെ പ്രഖ്യാപിച്ച ഇടക്കാല ടീമില്‍ നിന്നും ഒരു മാറ്റം പോലും വരുത്താതെ എല്ലാ താരങ്ങളേയും ടീമില്‍ നിലനിര്‍ത്തിയിട്ടുണ്ട്.

ഐപിഎല്ലിനിടെ തോളെല്ലിന് പരിക്കേറ്റ മധ്യനിര താരം കേദാര്‍ ജാദവിന്റെ കാര്യത്തിലായിരുന്നു ഇതുവരെ സംശയമുണ്ടായിരുന്നത്. എന്നാല്‍ കേദര്‍ ലോക കപ്പ് കളിക്കുമെന്ന് സ്ഥിരീകരിച്ച് മുഖ്യ സെലക്ടര്‍ എം എസ് കെ പ്രസാദ് രംഗത്തെത്തി.

“കേദാര്‍ ജാദവ് പൂര്‍ണ ആരോഗ്യവാനാണെന്നുള്ള മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ടീം ഫിസിയോ പാട്രിക്കില്‍ നിന്ന് തിങ്കളാഴ്ച ലഭിച്ചു. മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ ടീം മാനേജ്മെന്റും സെലക്ടര്‍മാരും സംതൃപ്തരാണ്. ബുധനാഴ്ച ഇന്ത്യന്‍ സ്‌ക്വാഡിനൊപ്പം കേദാര്‍ ഇംഗ്ലണ്ടിലേക്ക് പറക്കും. ലോക കപ്പില്‍ ജൂണ്‍ അഞ്ചിന് ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ആദ്യ മത്സരത്തില്‍ കേദാറിന്റെ സേവനം ലഭ്യമാകും” മുഖ്യ സെലക്ടര്‍ വ്യക്തമാക്കി.

ഐസിസിയുടെ നിര്‍ദേശം അനുസരിച്ച് 15 അംഗ പ്രാഥമിക സ്‌ക്വാഡില്‍ മാറ്റം വരുത്താനുള്ള അവസാന തിയതി മെയ് 23 ആണ്. കേദാര്‍ കളിക്കുമെന്ന് ഉറപ്പായതോടെ നേരത്തെ പ്രഖ്യാപിച്ച പ്രാഥമിക സ്‌ക്വാഡില്‍ ഇന്ത്യ മാറ്റം വരുത്തില്ലെന്ന് ഉറപ്പായി. കേദാറിന് പകരക്കാരായി പരിഗണിക്കപ്പെട്ടിരുന്ന അമ്പാട്ടി റായുഡു, ഋഷഭ് പന്ത്, അക്ഷാര്‍ പട്ടേല്‍ എന്നിവരുടെ ലോക കപ്പ് മോഹം ഇതോടെ ഏറെക്കുറെ അവസാനിച്ചു.

ഇന്ത്യയുടെ ലോകകപ്പ് ടീം
വിരാട് കോഹ്ലി(നായകന്‍), രോഹിത് ശര്‍മ്മ(ഉപ നായകന്‍), ശിഖര്‍ ധവാന്‍, കെ എല്‍ രാഹുല്‍, വിജയ് ശങ്കര്‍, എം എസ് ധോണി, കേദാര്‍ ജാദവ്, ദിനേശ് കാര്‍ത്തിക്, യുസ്വേന്ദ്ര ചാഹല്‍, കുല്‍ദീപ് യാദവ്, ഭുവനേശ്വര്‍ കുമാര്‍, ജസ്പ്രീത് ഭുംറ, ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, മുഹമ്മദ് ഷമി.