നിയന്ത്രണം വിട്ട് കാര്‍ത്തിക്, കരുണ്‍ നായരോട് പരസ്യമായി ഏറ്റുമുട്ടി

രഞ്ജി ട്രോഫിയില്‍ കര്‍ണാടകയോട് അവസാന ഓവറില്‍ തോല്‍വി വഴങ്ങിയതിന് പിന്നാലെ നിയന്ത്രണം വിട്ട് തമിഴ്‌നാടിന്റെ മുന്‍ ഇന്ത്യന്‍ താരം ദിനേശ് കാര്‍ത്തിക്. കര്‍ണാടക നായകനും ഇന്ത്യന്‍ താരവുമായ കരുണ്‍ നായരോടാണ് ദിനേശ് കാര്‍ത്തിക് മോശമായി പെരുമാറിയത്. മത്സരത്തില്‍ കര്‍ണാടക താരങ്ങള്‍ നിരന്തരം അപ്പീല്‍ മുഴക്കിയെന്നാണ് ദിനേശ് കാര്‍ത്തിക് ആരോപിച്ചത്.

ഇതോടെ താരങ്ങള്‍ തമ്മില്‍ വാക്ക് പോര് നടന്നതായും ഡ്രെസ്സിംഗ് റൂമിന് പുറത്തേയ്ക്കും ഏറ്റുമുട്ടല്‍ നീണ്ടതായും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഏതായാലും ഇന്ത്യന്‍ താരങ്ങള്‍ തമ്മിലുണ്ടായ ഈ വാക്ക് പോര് ഏറെ വാര്‍ത്തശ്രദ്ധ നേടിയിട്ടുണ്ട്.

അതെസമയം ദിനേശ് കാര്‍ത്തികിനെ ന്യായീകരിച്ച് തമിഴ്‌നാട് നായകന്‍ വിജയ് ശങ്കര്‍ രംഗത്തെത്തി. “ഇത് തമിഴ്‌നാടും കര്‍ണ്ണാടകയും തമ്മിലുളള പോരാണ്. ഇതില്‍ എന്തെങ്കിലുമൊന്ന് സംഭവിച്ചില്ലങ്കിലേ അത്ഭുതമുളളു. കാര്‍ത്തികിന്റെ സ്വഭാവമാണത്. ഈ ദിവസം കഴിയുമ്പോള്‍ എല്ലാവരും എല്ലാം മറക്കും” വിജയ് ശങ്കര്‍ പറഞ്ഞു.

രഞ്ജി ട്രോഫിയിലെ ആവേശപ്പോരട്ടത്തില്‍ അവസാന ഓവറിലാണ് തമിഴ്‌നാടിനെതിരെ കര്‍ണാടകയ്ക്ക് ഉജ്ജ്വല വിജയം സ്വന്തമാക്കിയത്.എട്ടു വിക്കറ്റ് വീഴ്ത്തിയ സ്പിന്നര്‍ കൃഷ്ണപ്പ ഗൗതമിന്റെ ബൗളിംഗ് മികവിലാണ് കര്‍ണാടക വിജയം പിടിച്ചെടുത്തത്.

https://www.facebook.com/KSCAOfficial/videos/753963651737554/

ഈവര്‍ഷം മുഷ്താഖ് അലിയിലും വിജയ് ഹസാരെ ട്രോഫിയിലും കര്‍ണാടകയ്ക്ക് മുന്നില്‍ തമിഴ്‌നാട് അടിയറവ് പറഞ്ഞിരുന്നു. നാലാം ദിനത്തിലെ അവസാന ഓവറില്‍ ഒരു വിക്കറ്റ് ശേഷിക്കെ തമിഴ്‌നാടിന് ജയത്തിലേക്ക് 27 റണ്‍സ് വേണമായിരുന്നു. ആ ഓവര്‍ പിടിച്ചു നിന്നാല്‍ സമനില നേടാമായിരുന്ന തമിഴ്‌നാടിന്റെ അവസാന ബാറ്റ്‌സ്മാനായ കെ വിഗ്‌നേഷിനെ വീഴ്ത്തി ഗൗതം തന്നെയാണ് കര്‍ണാടകയ്ക്ക് അവിസ്മരണീയ വിജയമൊരുക്കിയത്. ആദ്യ ഇന്നിംഗ്‌സില്‍ ആറ് വിക്കറ്റ് വീഴ്ത്തിയ ഗൗതം രണ്ടാം ഇന്നിംഗ്‌സില്‍ എട്ടു വിക്കറ്റ് വീഴ്ത്തി.

181 റണ്‍സായിരുന്നു തമിഴ്‌നാടിന് രണ്ടാം ഇന്നിംഗ്‌സില്‍ ജയിക്കാന്‍ വേണ്ടിയിരുന്നത്. ആദ്യ ഒമ്പതോവറില്‍ വിക്കറ്റ് നഷ്ടമില്ലാതെ 49 റണ്‍സിലെത്തിയ തമിഴ്‌നാട് അനായാസ ജയം സ്വന്തമാക്കുമെന്ന് കരുതിയെങ്കിലും ഗൗതം പന്തെറിയാനെത്തിയതോടെ കളി കര്‍ണാടകയുടെ വരുതിയിലായി. മുരളി വിജയ് റണ്ണൗട്ടായതോടെയാണ് തമിഴ്‌നാടിന്റെ തകര്‍ച്ച തുടങ്ങിയത്. 23 റണ്‍സുമായി മുരുഗന്‍ അശ്വിന്‍ പുറത്താകാതെ നിന്നെങ്കിലും മറ്റാര്‍ക്കും ഗൗതമിന് മുന്നില്‍ പിടിച്ചു നില്‍ക്കാനായില്ല.