കാര്‍ത്തിക്കിന്റെ ചെറു വെടിക്കെട്ട്; കൊല്‍ക്കത്തയ്ക്ക് മികച്ച സ്‌കോര്‍

ഐപിഎല്ലിലെ മുന്‍ ചാമ്പ്യന്‍മാരുടെ മുഖാമുഖത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് മികച്ച സ്‌കോര്‍. ആദ്യം ബാറ്റ് ചെയ്ത നൈറ്റ് റൈഡേഴ്‌സ് ആറ് വിക്കറ്റ് നഷ്ടത്തില്‍ 171 റണ്‍സെടുത്തു.

ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത നൈറ്റ് റൈഡേഴ്‌സിനെ ദിനേശ് കാര്‍ത്തിക് നടത്തിയ ചെറു വെടിക്കെട്ടാണ് മികച്ച സ്‌കോറിലെത്തിച്ചത്. 11 പന്തില്‍ മൂന്ന് ഫോറും ഒരു സിക്‌സും അടക്കം കാര്‍ത്തിക്ക് 26 റണ്‍സ് വാരി. ഓള്‍ റൗണ്ടര്‍ ആന്ദ്രെ റസലും (15 പന്തില്‍ 20, രണ്ട് ഫോര്‍, ഒരു സിക്‌സ്) നിതീഷ് റാണയും (27 പന്തില്‍ 37 നോട്ടൗട്ട്, മൂന്ന് ബൗണ്ടറി, ഒരു സിക്‌സ്) നൈറ്റ് റൈഡേഴ്‌സിന്റെ സ്‌കോറിംഗിന് വേഗം പകര്‍ന്നു. രാഹുല്‍ ത്രിപാഠി (45) കൊല്‍ക്കത്തയുടെ ടോപ് സ്‌കോററായി.

ചെന്നൈ ബോളര്‍മാര്‍ കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് വീഴ്ത്തിയെങ്കിലും സ്‌കോറിംഗിന് പൂര്‍ണമായും തടയിടാന്‍ സാധിച്ചില്ല. സൂപ്പര്‍ കിങ്‌സിനുവേണ്ടി ജോഷ് ഹെസല്‍വുഡും ഷാര്‍ദുല്‍ താക്കൂറും രണ്ട് വിക്കറ്റ് വീതം പിഴുതു. രവീന്ദ്ര ജഡേജ ഒരു ഇരയെ കണ്ടെത്തി.