ഹൃദയഭേദകമെന്ന് ജിങ്കന്‍, കേരളത്തിനായി പ്രാര്‍ത്ഥിച്ച് സച്ചിനും കോഹ്‌ലിയും, ഞെട്ടിത്തരിച്ച് രോഹിത്ത്

കരിപ്പൂര്‍ വിമാനാപകടത്തില്‍ മരിച്ചവരെയും മൂന്നാറില്‍ മണ്ണിടിച്ചില്‍ മരിച്ചവരെയും ഓര്‍ത്ത് വേദനിച്ച് കേരള ബ്ലാസ്റ്റേഴ്‌സ് മുന്‍ നായകനും ഇന്ത്യന്‍ താരവുമായ സന്ദേഷ് ജിങ്കന്‍. ഹൃദയഭേദകം എന്നാണ് കരിപ്പൂര്‍ വിമാനപകടത്തെ ജിങ്കന്‍ വിശേഷിപ്പിക്കുന്നത്. മൂന്നാറിലുണ്ടായ മണ്ണിടിച്ചില്‍ മരിച്ചവര്‍ക്കും ജിങ്കന്‍ അനുശോചനം രേഖപ്പെടുത്തി.

രണ്ടപകടങ്ങളിലും പരിക്കേറ്റവരുടെ പരിക്ക് എത്രയും പെട്ടെന്ന് ഭേദമാകട്ടെയെന്നും ജിങ്കന്‍ പറയുന്നു. കൂടുതല്‍ കരുത്തോടെ നിലകൊള്ളാന്‍ കേരളത്തോട് ആഹ്വാനം ചെയ്യുന്ന ജിങ്കന്‍ എല്ലാവര്‍ക്കും വേണ്ടി പ്രാര്‍ത്ഥിക്കുന്നതായും കൂട്ടിചേര്‍ത്തു.

ജിങ്കനെ കൂടാതെ കരിപ്പൂര്‍ വിമാനപടകടത്തില്‍ മരിച്ചവര്‍ക്ക് അനുശോചനമറിയിക്കുന്നതായിച്ച് മുന്‍ ക്രിക്കറ്റ് താരം സച്ചിന്‍ ടെണ്ടുല്‍ക്കറും ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയും രോഹിത് ശര്‍മ്മയും രംഗത്തെത്തി. പരിക്കേറ്റവര്‍ക്കായി പ്രാര്‍ത്ഥിക്കുന്നെന്നും മരിച്ചവരുടെ കുടുംബാംഗങ്ങളെ അനുശോചനമറിയിക്കുന്നെന്നും സച്ചിന്‍ ട്വീറ്റ് ചെയ്തു.

പരിക്കേറ്റവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുന്നുവെന്നും വിരാട് കോഹ്‌ലിയും ട്വീറ്റ് ചെയ്തു. സംഭവം ഞെട്ടിക്കുന്നതാണെന്നും യാത്രക്കാര്‍ക്കും വിമാനത്തിലെ ജീവനക്കാര്‍ക്കുമായി പ്രാര്‍ത്ഥിക്കുന്നുവെന്ന് രോഹിത്ത് ശര്‍മ്മയും ട്വീറ്റ് ചെയ്തു.

വെള്ളിയാഴ്ച രാത്രിയാണ് കരിപ്പൂര്‍ വിമാനത്താവളത്തില്‍ അപകടമുണ്ടായത്. ജീവനക്കാരടക്കം 190 പേരുമായി ദുബായില്‍ നിന്നെത്തിയ എയര്‍ ഇന്ത്യ വിമാനമാണ് ഇറങ്ങുന്നതിനിടെ അപകടത്തില്‍ പെട്ടത്. അപകടത്തില്‍ പൈലറ്റുള്‍പ്പെടെ 17 പേര്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

Read more

മൂന്നാര്‍ രാജമലയിലുണ്ടായ ഉരുള്‍പൊട്ടലില്‍ 17 പേര്‍ മരിക്കുകയും 51 പേരെ കാണാതാകുകയും ചെയ്തിട്ടുണ്ട്, ഇവര്‍ക്കായി തിരച്ചില്‍ ഇപ്പോഴും തുടരുകയാണ്.