എല്ലാ പന്തും അടിച്ചു പറത്താനാണോ പ്ലാന്‍; പന്തിന് മുന്നറിയിപ്പുമായി കപില്‍ ദേവ്

ഐ.സി.സി ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ മത്സരത്തിനായുള്ള കാത്തിരിപ്പിലാണ് ക്രിക്കറ്റ് ലോകം. ഇന്ത്യയും ന്യൂസിലന്‍ഡും തമ്മില്‍ സതാംപ്റ്റണില്‍ നേര്‍ക്കുനേര്‍ വരുമ്പോള്‍ ക്രിക്കറ്റ് ലോകവും ആവേശത്തിലാണ്. ഫൈനലിനായി ഇരുടീമും കച്ചകെട്ടി തുടങ്ങി. ഇപ്പോഴിതാ ഇന്ത്യ ഏറെ പ്രതീക്ഷയോടെ കാണുന്ന യുവതാരം റിഷഭ് പന്തിന് കുറച്ച് നിര്‍ദ്ദേശങ്ങളുമായി രംഗത്ത് വന്നിരിക്കുകയാണ് ക്രിക്കറ്റ് ഇതിഹാസം കപില്‍ ദേവ്.

“വളരെയേറെ പക്വത കരിയറില്‍ സ്വന്തമാക്കിയ താരമാണ് പന്ത്. അവന്റെ ആ ബാറ്റിംഗ് ശ്രേണി ഗംഭീരമാണ്. അവനിപ്പോള്‍ ഏതൊരു ഫോര്‍മാറ്റിലും കൃത്യതയോടെ എല്ലാ ഷോട്ടുകളും കളിക്കാന്‍ കഴിയുന്നുണ്ട്. എന്നാല്‍ ഇംഗ്ലണ്ട് അവന് വെല്ലുവിളിയാകും.”

“എല്ലാ ബോളുകളിലും വമ്പന്‍ ഷോട്ട് കളിക്കാന്‍ ശ്രമിക്കാതെ കൂടുതല്‍ സമയം ക്രീസില്‍ ക്ഷമയോടെ ചെലവഴിക്കണം. ഓരോ പന്തും റിഷഭ് ജാഗ്രതയോടെ കളിക്കണം. രോഹിത് ശര്‍മ്മയുടെ കാര്യത്തിലും ഞങ്ങള്‍ ഇത് പറയാറുണ്ടായിരുന്നു. പക്ഷേ പലതവണ പുറത്തേക്കിറങ്ങും” കപില്‍ ദേവ് പറഞ്ഞു.

Read more

ജൂണ്‍ 18 നാണ് ന്യൂസിലന്‍ഡിനെതിരായ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ പോരാട്ടം. നിലവില്‍ ഇന്ത്യന്‍ താരങ്ങളെല്ലാം നാട്ടില്‍ ക്വാറന്റെയ്നിലാണ്. എട്ട് ദിവസത്തെ ക്വാറന്റെയ്ന്‍ പൂര്‍ത്തിയാക്കി ജൂണ്‍ 2നാണ് ഇന്ത്യ ഇംഗ്ലണ്ടിലേക്ക് പുറപ്പെടും.