ഐ.പി.എല്‍ ഉപേക്ഷിക്കൂ, പരാതി നിര്‍ത്തു, കോഹ്ലിയോട് കപില്‍ദേവ്

ഇന്ത്യന്‍ താരങ്ങള്‍ മത്സരാധിക്യത്തെ കുറിച്ച് നിരന്തരം പരാതിപ്പെടുന്നവരാണ്. നായകന്‍ വിരാട് കോഹ്ലി പലപ്പോഴും ഇക്കാര്യം സൂചിപ്പിച്ച് ബിസിസിഐയ്‌ക്കെതിരെ ഒളിയമ്പ് എയ്യാറുമുണ്ട്. ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരക്കുശേഷം രണ്ട് ദിവസത്തെ ഇടവേളയില്‍ ന്യൂസിലാന്‍ഡില്‍ പരമ്പര കളിക്കാനെത്തിയപ്പോള്‍ സ്റ്റേഡിയത്തില്‍ നേരിട്ടിറങ്ങി കളിക്കേണ്ട സാഹചര്യമാണുള്ളതെന്ന് കോഹ്ലി തുറന്നടിച്ചത് ഏറെ ചര്‍ച്ചയാകുകയും ചെയ്തിരുന്നു.

എന്നാല്‍ കോഹ്ലിയ്്ക്ക് മറുപടിയായി സാക്ഷാല്‍ കപില്‍ദേവ് രംഗത്തെത്തിയിരിക്കുകയാണ്. രാജ്യാന്തര ക്രിക്കറ്റിലെ മത്സരാധിക്യത്തെ കുറിച്ച് പരാതി പറയുന്നവര്‍ ഐപിഎല്ലില്‍ നിന്ന് വിട്ടു നിന്ന് വിശ്രമിക്കണമെന്നാണ് കപില്‍ദേവ് ആവശ്യപ്പെടുന്നത്. വിശ്രമം വേണ്ടവര്‍ രാജ്യാന്തര മത്സരങ്ങളില്‍ നിന്നല്ല ഐപിഎല്ലില്‍ നിന്നാണ് വിട്ടു നില്‍ക്കേണ്ടതെന്നും കപില്‍ പറഞ്ഞു.

രാജ്യത്തെ പ്രതിനിധീകരിക്കുന്നതും ഫ്രാഞ്ചൈസിയെ പ്രതിനിധീകരിക്കുന്നതും രണ്ട് തരത്തിലുള്ള വികാരമാണ്. ഐപിഎല്‍ നിങ്ങള്‍ക്ക് പണവും പ്രശസ്തിയും തരും. പക്ഷെ രാജ്യത്തിനായി കളിക്കുമ്പോഴുള്ള വികാരം അത് വേറെയാണെന്നും കപില്‍ പറഞ്ഞു. കളിക്കുന്ന കാലത്ത് എനിക്കും വിശ്രമം ആവശ്യമാണെന്ന് തോന്നിയിട്ടുണ്ട്.

സാധാരണയായി റണ്‍സടിക്കുമ്പോഴും വിക്കറ്റെടുക്കുമ്പോഴും ബാറ്റ്‌സ്മാനോ ബൗളര്‍ക്കോ തളര്‍ച്ച തോന്നാറില്ല. വിശ്രമം വേണമെന്നും തോന്നാറില്ല. എന്നാല്‍ റണ്‍സ് വഴങ്ങുകയോ റണ്‍സടിക്കാന്‍ കഴിയാതെ വരികയോ ചെയ്യുമ്പോള്‍ അങ്ങനെയല്ല. അപ്പോള്‍ വിശ്രമം വേണമെന്ന ചിന്ത വൈകാരികം കൂടിയാണ്. ശരീരവും മനസും ഒരുപോലെ പ്രവര്‍ത്തിക്കുമ്പോഴാണ് സന്തോഷത്തോടെ കളിക്കാനാവുകയെന്നും കപില്‍ പറഞ്ഞു.