അഫ്രീദി നുണയന്‍, വ്യക്തിത്വം ഇല്ലാത്തവന്‍, ഹിന്ദുവായതിനാല്‍ എന്നെ അവഗണിച്ചു അപമാനിച്ചു; തുറന്നടിച്ച് സഹതാരം

പാകിസ്താന്റെ മുന്‍ നായകന്‍ ഷാഹിദ് അഫ്രീദിക്കെതിരെ സഹതാരം ഡാനിഷ് കനേരിയ. അഫ്രീദി നുണയനും വ്യക്തിത്വമില്ലാത്തവനാണെന്നും താന്‍ ഹിന്ദുവായതിനാല്‍ പലപ്പോഴും അഫ്രീദിയില്‍ നിന്ന് അവഗണനയും അപമാനവും നേരിട്ടിട്ടുണ്ടെന്നും കനേരിയ വെളിപ്പെടുത്തി.

‘ഞാന്‍ നേരിട്ട പ്രശ്‌നങ്ങളെപ്പറ്റി ആദ്യമായി വെളിപ്പെടുത്തിയത് ശുഐബ് അക്തര്‍ ആയിരുന്നു. അത് തുറന്നുപറഞ്ഞതിന് അദ്ദേഹത്തിനു നന്ദി. പക്ഷേ, പിന്നീട് അദ്ദേഹത്തിന് അധികൃതരില്‍ നിന്ന് സമ്മര്‍ദ്ദമുണ്ടായി. അതുകൊണ്ട് അദ്ദേഹം അതെപ്പറ്റി സംസാരിക്കുന്നത് അവസാനിപ്പിച്ചു. പക്ഷേ, അക്കാര്യങ്ങള്‍ എനിക്ക് സംഭവിച്ചിട്ടുണ്ട്.’

‘എന്നെ അഫ്രീദി പലപ്പോഴും അപമാനിച്ചു. ഞങ്ങള്‍ പലപ്പോഴും ഒരുമിച്ചുകളിച്ചതാണ്. എന്നെ ബെഞ്ചിലിരുത്തി ഏകദിന ടൂര്‍ണമെന്റ് കളിക്കാന്‍ അദ്ദേഹം അനുവദിച്ചില്ല. എന്നെ ടീമില്‍ ഉള്‍പ്പെടുത്താന്‍ അദ്ദേഹം ആഗ്രഹിച്ചില്ല. അദ്ദേഹം ഒരു നുണയനാണ്. വ്യക്തിത്വമില്ലാത്ത ആളാണ്. പക്ഷേ, എന്റെ ശ്രദ്ധ മുഴുവന്‍ ക്രിക്കറ്റിലായിരുന്നു. അതുകൊണ്ട് ഇതൊക്കെ ഞാന്‍ അവഗണിച്ചു.’

‘എനിക്കെതിരെ മറ്റ് താരങ്ങളെ പ്രകോപിപ്പിച്ച ഒരേയൊരാള്‍ അഫ്രീദി ആയിരുന്നു. ഞാന്‍ നല്ല പ്രകടനം നടത്തുന്നതുകൊണ്ട് അഫ്രീദിക്ക് എന്നോട് അസൂയ ആയിരുന്നു. പാകിസ്താനു വേണ്ടി കളിച്ചതില്‍ ഞാന്‍ അഭിമാനിക്കുന്നു’കനേരിയ പറഞ്ഞു.