ഡബിള്‍ സെഞ്ച്വറിയുമായി വില്യംസണ്‍; വിന്‍ഡീസിന് എതിരെ ന്യൂസിലാന്‍ഡിന് കൂറ്റന്‍ സ്‌കോര്‍

വെസ്റ്റിന്‍ഡീസിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ കരിയറിലെ ഏറ്റവും മികച്ച പ്രകടനവുമായി കളം നിറഞ്ഞ് കെയ്ന്‍ വില്യംസണ്‍. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ന്യൂസിലാന്‍ഡിനായി 251 റണ്‍സാണ് വില്യംസണ്‍ നേടിയത്. 412 പന്തില്‍ 34 ഫോറും രണ്ടു സിക്‌സും ഉള്‍പ്പെടുന്നതാണ് വില്യംസന്റെ ഇന്നിംഗ്‌സ്.

വില്യംസണിന്റെ മൂന്നാം ഇരട്ടസെഞ്ച്വറിയാണിത്. കഴിഞ്ഞ വര്‍ഷം ഇതേ വേദിയില്‍ത്തന്നെയാണ് വില്യംസണ്‍ ഇതിനു മുന്‍പ് ഇരട്ടസെഞ്ച്വറി നേടിയത്. വില്യംസണിന്റെ ഇരട്ടസെഞ്ച്വറി മികവില്‍ ഒന്നാം ഇന്നിംഗ്‌സ് ഏഴു വിക്കറ്റ് നഷ്ടത്തില്‍ 519 റണ്‍സെടുത്ത് ന്യൂസിലാന്‍ഡ് ഡിക്ലയര്‍ ചെയ്തു.

Image

വില്യംസണിനു പുറമെ ഓപ്പണര്‍ ടോം ലാഥം (184 പന്തില്‍ 86), കൈല്‍ ജാമിസണ്‍ (64 പന്തില്‍ പുറത്താകാതെ 51) എന്നിവരും ന്യൂസീലന്‍ഡ് നിരയില്‍ തിളങ്ങി. വിന്‍ഡീസിനായി കെമര്‍ റോച്ച്, ഷാനണ്‍ ഗബ്രിയേല്‍ എന്നിവര്‍ മൂന്നു വിക്കറ്റ് വീതം വീഴ്ത്തി.

Image

മറുപടി ബാറ്റിംഗ് ആരംഭിച്ച വിന്‍ഡീസ് രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ വിക്കറ്റ് നഷ്ടം കൂടാതെ 49 റണ്‍സ് എന്ന നിലയിലാണ്. ഓപ്പണര്‍മാരായ ജോണ്‍ കാംബല്‍ (22) റക്രെയ്ഗ് ബ്രാത്ത്‌വയ്റ്റ്‌ (20) എന്നിവരാണ് ക്രീസില്‍.