കോഹ്‌ലിയെ വിമര്‍ശിക്കാന്‍ നിങ്ങള്‍ക്ക് എന്ത് യോഗ്യതയാണുള്ളത്, അദ്ദേഹത്തെ നായകസ്ഥാനത്ത് നിന്ന് മാറ്റിയാല്‍ ഇന്ത്യ തീര്‍ന്നു

ഗല്ലി ടീമിനെപ്പോലും നയിച്ചിട്ടില്ലാത്തവരാണ് വിരാട് കോഹ്‌ലിയെ നായക സ്ഥാനത്ത് നിന്ന് മാറ്റണമെന്ന് ഇന്ത്യയെ ഉപദേശിക്കുന്നതെന്ന് പാകിസ്ഥാന്‍ മുന്‍ താരം കമ്രാന്‍ അക്മല്‍. കോഹ്‌ലി ഏറെ വിസ്മയിപ്പിക്കുന്ന കളിക്കാരനാണെന്നും അദ്ദേഹത്തിനു പകരം മറ്റൊരാളെ ക്യാപ്റ്റനാക്കിയാല്‍ ഇന്ത്യ വിജയിക്കുമെന്ന് ഒരു ഉറപ്പുമില്ലെന്നും കമ്രാന്‍ അക്മല്‍ പറഞ്ഞു.

“കോഹ്‌ലി വിസ്മയിപ്പിക്കുന്ന കളിക്കാരനും നായകനുമാണ്. അദ്ദേഹത്തിനു പകരം മറ്റൊരാളെ ക്യാപ്റ്റനാക്കിയാല്‍ ഇന്ത്യ വിജയിക്കുമെന്ന് എന്ത് ഉറപ്പാണുള്ളത്? ഭാഗ്യം കൂടിയുണ്ടെങ്കില്‍ മാത്രമേ കിരീടങ്ങളും സ്വന്തമാക്കാന്‍ സാധിക്കൂ. ഒരാള്‍ക്കു നേരെ വിരല്‍ ചൂണ്ടുന്നത് എളുപ്പമുള്ള കാര്യമാണ്. ക്രിക്കറ്റിനെക്കുറിച്ച് ഒരു ഐഡിയയുമില്ലാത്തവരാണ് കോഹ്‌ലിക്കെതിരേ വിമര്‍ശനമുന്നയിക്കുന്നത്.”

“കോഹ്‌ലിയുടെ നേട്ടങ്ങളും ഇതുവരെയുള്ള സേവനവുമെല്ലാം നോക്കൂ. തകര്‍പ്പന്‍ ക്യാപ്റ്റന്‍സിയാണ് അദ്ദേഹത്തിന്റേത്. അക്കാര്യത്തില്‍ ഒരു സംശയവുമില്ല. 70 സെഞ്ച്വറികള്‍ ഇന്ത്യക്കായി കോഹ്‌ലി നേടിയിട്ടുണ്ട്. ഇത്തരത്തിലുള്ള വിമര്‍ശനങ്ങള്‍ കോഹ്‌ലിയെ ബാധിക്കുമെന്നു എനിക്കു തോന്നുന്നില്ല. മാനസികമായി വളരെ കരുത്തനാണ് അദ്ദേഹം” കമ്രാന്‍ അക്മല്‍ പറഞ്ഞു.

Read more

ഇന്ത്യ പ്രമുഖ പരമ്പരകളിലും ടൂര്‍ണമെന്റുകളിലും പരാജയപ്പെടുമ്പോള്‍ കോഹ്‌ലിയെ നായക സ്ഥാനത്തു നിന്ന് ആവശ്യം ശക്തമായി ഉയരാറുണ്ട്. എന്നാല്‍ ആ വാദത്തിന് ബി.സി.സി.ഐ ഇതുവരെ ചെവി കൊടുത്തിട്ടില്ല. എന്നാല്‍ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് കൈവിട്ട സാഹചര്യത്തില്‍ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയും വരുന്ന ടി20 ലോക കപ്പും കോഹ്‌ലിയുടെ കാര്യത്തില്‍ ഏറെ നിര്‍ണായകമാകും.