ഇന്ത്യന്‍ ഫീല്‍ഡിംഗ് പരിശീലകനാകാന്‍ സര്‍പ്രൈസ് താരം

ക്രിക്കറ്റ് ലോകത്തിന് ഫീല്‍ഡിംഗ് ഇതിഹാസം എന്ന് ഒരാളെ വിശേഷിപ്പിക്കാമെങ്കില്‍ ആ താരത്തിന്റെ പേര് ജോണ്ടി റോഡ്‌സ് എന്നാകും. ഫീല്‍ഡിംഗ് മികവിലൂടെ മാന്‍ ഓഫ് ദി മാച്ച് പുരസ്‌കാരം നേടിയ ലോകത്തെ ഏക താരമായ ജോണ്ടി റോഡ്‌സ്. ലോക ക്രിക്കറ്റില്‍ താരങ്ങളെല്ലാം ഫീല്‍ഡിംഗ് മാതൃകയായി ഹൃദയത്തില്‍ പ്രതിഷ്ഠിച്ചിട്ടുളള താരം കൂടിയാണ് ഈ ദക്ഷിണാഫ്രിക്കക്കാരന്‍.

അതെസമയം ഇന്ത്യന്‍ ആരാധകര്‍ക്ക് ഒരു സന്തോഷ വാര്‍ത്തയാണ് ജോണ്ടി റോഡ്‌സ് സമ്മാനിച്ചിരിക്കുന്നത്. ഇന്ത്യയുടെ ഫീല്‍ഡിംഗ് കോച്ചാകാന്‍ ജോണ്ടി റോഡ്‌സ് അപേക്ഷ സമര്‍പ്പിച്ചിരിക്കുകയാണ്. ഇതോടെ ലോകം കണ്ട എക്കാലത്തേയും മികച്ച ഫീല്‍ഡറെ പരിശീലകനാക്കാനാണ് ഇന്ത്യന്‍ ക്രിക്കറ്റിന് അവസരം ലഭിച്ചിരിക്കുന്നത്.

ഇന്ത്യന്‍ ക്രിക്കറ്റുമായി വര്‍ഷങ്ങളുടെ ബന്ധമുള്ള താരം കൂടിയാണ് റോഡ്‌സ്. 2009 മുതല്‍ 2017 വരെ ഐ.പി.എല്‍ ടീമായ മുംബൈ ഇന്ത്യന്‍സിന്റെ ഫീല്‍ഡിംഗ് പരിശീലകനായിരുന്ന റോഡ്‌സ്, ശ്രീലങ്ക, കെനിയ, പാകിസ്ഥാന്‍ തുടങ്ങിയ ടീമുകള്‍ക്കൊപ്പവും പരിശീലകനായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇന്ത്യയെ ഏറെ ഇഷ്ടപ്പെടുന്ന റോഡ്‌സ് തന്റെ മകളുടെ പേര് തന്നെ ഇന്ത്യ എന്നാണ് നല്‍കിയിരിക്കുന്നത്.

നിലവില്‍ ആര്‍ ശ്രീധറാണ് ഇന്ത്യയുടെ ഫീല്‍ഡിംഗ് പരിശീലകന്‍. റോഡ്‌സിന്റെ രംഗപ്രവേശനം ശ്രീധറിന് കനത്ത വെല്ലുവിളിയാണ് ഉയര്‍ത്തുക.