ആരും ക്രിക്കറ്റ് തിരഞ്ഞെടുക്കരുത്, തുറന്നടിച്ച് ജിമ്മി നീഷാം

ലോക കപ്പ് ഫൈനലില്‍ നിര്‍ഭാഗ്യം കൊണ്ട് മാത്രം തോറ്റ ന്യൂസിലന്‍ഡ് ക്രിക്കറ്റ് ടീം കടുത്ത നിരാശയിലാണ്. ഒരിക്കലും അംഗീകരിക്കാന്‍ കഴിയാത്ത ചില നിയമങ്ങളുടെ പേരില്‍ ലോക കിരീടം കൈവിട്ട് പോയെങ്കിലും കളിക്കളത്തില്‍ അടിമുടി മാന്യത പ്രകടിപ്പിച്ചാണ് ടീം ന്യൂസിലന്‍ഡ് ലോഡ്‌സ് വിട്ടത്.

എന്നാല്‍ തങ്ങളെ ബാധിച്ച നിരാശ അത്ര ചെറുതല്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ന്യൂസിലന്‍ഡ് താരം ജിമ്മി നീഷാം. സന്തോഷത്തോടെ ജീവിക്കണമെങ്കില്‍ ആരും സ്‌പോട്‌സ് തിരഞ്ഞെടുക്കരുതെന്നാണ് നീഷാം പറയുന്നത്. തന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം.

‘കുട്ടികളേ…അറുപത് വയസ്സ് വരെ സന്തോഷത്തോടെ ജീവിച്ച് മരിക്കണമെങ്കില്‍ ദയവു ചെയ്ത് സ്പോര്‍ട്സിലേക്ക് വരരുത്. വല്ല പാചകവും കരിയറായി തിരഞ്ഞെടുക്കൂ..’ ഇതായിരുന്നു നീഷാമിന്റെ ട്വീറ്റ്.

ലോക കപ്പ് ഫൈനലില്‍ ന്യൂസിലന്‍ഡിനെ പിന്തുണച്ച എല്ലാ ആരാധകര്‍ക്കും നന്ദി പറയുന്നു. നിങ്ങളുടെ ആഗ്രഹം എന്താണെന്ന് ഞങ്ങള്‍ക്ക് അറിയാമായിരുന്നു. പക്ഷേ അത് സാക്ഷാത്കരിക്കാന്‍ കഴിഞ്ഞില്ല. ഞങ്ങളോട് ക്ഷമിക്കുക. ഇത് തീര്‍ത്തും വേദനാജനകമാണ്. അടുത്ത ദശകമെത്തുമ്പോഴേക്കും ലോഡ്സിലെ അവസാന അരമണിക്കൂറിനെ കുറിച്ച് ചിന്തിക്കാത്തതായി എന്റെ ജീവിതത്തില്‍ ചിലപ്പോള്‍ ഒന്നോ രണ്ടോ ദിവസങ്ങളുണ്ടായേക്കാം. ഇംഗ്ലണ്ട് ടീമിന് അഭിനന്ദനങ്ങള്‍. നിങ്ങള്‍ ആ കിരീടം അര്‍ഹിക്കുന്നു. നീഷാമിന്റെ ട്വീറ്റില്‍ പറയുന്നു.

സൂപ്പര്‍ ഓവറില്‍ മാര്‍ട്ടിന്‍ ഗുപ്റ്റിലിനൊപ്പം ബാറ്റ് ചെയ്യാനെത്തിയത് നീഷാം ആയിരുന്നു. നീഷാമിന്റെ മികവിലാണ് ന്യൂസിലന്‍ഡ് സൂപ്പര്‍ ഓവറും സമനിലയാക്കിയത്. ജോഫ്ര ആര്‍ച്ചറെ സൂപ്പര്‍ ഓവറില്‍ സിക്സ് അടിക്കുകയും ചെയ്തു. ന്യൂസിലന്‍ഡിനായി ഏഴ് ഓവര്‍ എറിഞ്ഞ് 43 റണ്‍സ് വഴങ്ങി മൂന്നു വിക്കറ്റെടുക്കുകയും ചെയ്തു.