സെലക്ഷനില്‍ ജയ് ഷായുടെ അമിത ഇടപെടല്‍; കോഹ്ലിക്ക് വിനയായത് രണ്ട് ഫോണ്‍ കോളുകള്‍

ട്വന്റി20 ലോക കപ്പിനുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീം തിരഞ്ഞെടുപ്പിനെ ചുറ്റിപ്പറ്റിയുള്ള വിമര്‍ശനങ്ങള്‍ ശക്തമാകുകയാണ്. അര്‍ഹരായ പലരെയും ഒഴിവാക്കി അനര്‍ഹരെ തിരുകിക്കയറ്റിയെന്ന ആക്ഷേപമാണ് അതില്‍ പ്രധാനം. ടീം സെലക്ഷനില്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലിയുടെ വാക്കുകള്‍ക്ക് വില കല്‍പ്പിക്കപ്പെട്ടില്ലെന്നും റിപ്പോര്‍ട്ടുണ്ട്.

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ മകനും ബിസിനസ് പ്രമുഖനുമായ ബിസിസിഐ സെക്രട്ടറി ജയ് ഷായുടെ അമിത ഇടപെടലാണ് ഇന്ത്യന്‍ ടീം തിരഞ്ഞെടുപ്പിനെ അവതാളത്തിലാക്കിയതെന്ന് ബിസിസിഐയുമായി അടുത്ത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു. ഐപിഎല്‍ ടീം മുംബൈ ഇന്ത്യന്‍സിന്റെ ചെറിയ പതിപ്പാണ് ലോക കപ്പിനുള്ള ഇന്ത്യന്‍ ടീമെന്നത് വ്യക്തം. രോഹിത് ശര്‍മ്മയടക്കം മുംബൈ ഇന്ത്യന്‍സിലെ ആറു പേര്‍ക്കാണ് ലോക കപ്പ് ടീമില്‍ ഇടം  ലഭിച്ചത്. ഒരു കാലത്ത് ഇന്ത്യന്‍ ക്രിക്കറ്റിനെ അടക്കിഭരിച്ച മുംബൈ ലോബിയെന്ന കുപ്രസിദ്ധ സംഘത്തിന് സമാനമായി ജയ് ഷായുടെ നേതൃത്വത്തിലെ ലോബി ശക്തി പ്രാപിക്കുന്നതാണ് ടീം തിരഞ്ഞെടുപ്പിലെ ഏകപക്ഷീയ തീരുമാനങ്ങള്‍ തെളിയിക്കുന്നതെന്ന് വിമര്‍ശകര്‍ തുറന്നടിക്കുന്നു.

പരിക്കും ഫോമില്ലായ്മയും വലയ്ക്കുന്ന ഓള്‍ റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയെ ടീമില്‍ ഉള്‍പ്പെടുത്തിയതാണ് ഏവരെയും നെറ്റി ചുളിപ്പിച്ചത്. ഓള്‍ റൗണ്ടര്‍ എന്ന നിലയില്‍ കാര്യപ്രാപ്തി തെളിയിച്ച ഷാര്‍ദുല്‍ താക്കൂറിനെ റിസര്‍വ് താരമായി സെലക്ടര്‍മാര്‍ ഒതുക്കിക്കളഞ്ഞു. യുഎഇയിലെ സാഹചര്യങ്ങളില്‍ പരിചയസമ്പന്നനായ ഓപ്പണര്‍ ശിഖര്‍ ധവാന്റെ സേവനവും സെലക്ഷന്‍ കമ്മിറ്റി വേണ്ടെന്നുവെച്ചു. ധവാന് പകരക്കാരുടെ നിരയില്‍ പോലും ഇടം നല്‍കിയില്ല. ഐപിഎല്ലില്‍ മികച്ച ഫോം കാട്ടുന്ന ധവാന്‍ തന്നെ തഴഞ്ഞ തീരുമാനത്തെ ബാറ്റ് കൊണ്ട് ചോദ്യം ചെയ്തുകഴിഞ്ഞു. രണ്ട് വര്‍ഷമായി ഇന്ത്യന്‍ കുപ്പായത്തില്‍ ട്വന്റി20 കളിക്കാത്ത ഓഫ് സ്പിന്നര്‍ ആര്‍. അശ്വിനെ ടീമിലെടുത്തതും പലരെയും അതിശയിപ്പിച്ചിട്ടുണ്ട്. അശ്വിനു പകരം യുസ്‌വേന്ദ്ര ചഹാല്‍ വേണമായിരുന്നുവെന്ന് അഭിപ്രായപ്പെടുന്നവരാണ് പലരും.

സെലക്ഷന്‍ കമ്മിറ്റി യോഗത്തില്‍ ശിഖര്‍ ധവാനും ചഹാലിനും വേണ്ടി ക്യാപ്റ്റന്‍ കോഹ്ലി ശക്തിയുക്തം വാദിച്ചെങ്കിലും ഫലമുണ്ടായില്ലെന്നാണ് വിവരം. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ന്യൂസിലന്‍ഡിനോടേറ്റ തോല്‍വിക്കും ശേഷം ഇന്ത്യന്‍ ടീമില്‍ ഉടലെടുത്ത സംഘര്‍ഷങ്ങളും അതിലെ ബിസിസിഐ ഇടപെടലുമാണ് കോഹ്ലിയുടെ സ്വാധീനം കുറയ്ക്കാന്‍ ഇടയാക്കിയത്. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിനു ശേഷം ക്ഷുഭിതനായ കോഹ്ലി സീനിയര്‍ താരങ്ങളോട് പരുഷമായി സംസാരിച്ചിരുന്നു. സ്‌കോറിംഗ് അവസരങ്ങള്‍ കണ്ടെത്താത്ത ബാറ്റിംഗ് ലൈനപ്പ് കിവി ബോളര്‍മാര്‍ക്ക് വിക്കറ്റുകള്‍ കൊയ്യാന്‍ അവസരം നല്‍കിയെന്നായിരുന്നു വിരാടിന്റെ പ്രധാന വിമര്‍ശനം.

Read more

മധ്യനിരയിലെ കരുത്തരായ ചേതേശ്വര്‍ പുജാരയും അജിന്‍ക്യ രഹാനെയുമാണ് കോഹ്ലിയുടെ ശകാരത്തിന് ഏറെയും ഇരയായത്. കോഹ്ലിയുടെ പെരുമാറ്റത്തില്‍ അതൃപ്തരായ പുജാരയും രഹാനെയും ജയ് ഷായെ നേരിട്ടുവിളിച്ച് പരാതിപ്പെട്ടത്രെ. തുടര്‍ന്ന് ഷാനടത്തിയ ചരടുവലികളാണ് ടീം തിരഞ്ഞെടുപ്പില്‍ കോഹ്ലി അവഗണിക്കപ്പെടാന്‍ കാരണമെന്നാണ് വിലയിരുത്തല്‍. ലോക കപ്പ് ടീമില്‍ ഇടം പിടിച്ചവരില്‍ പലരും ഐപിഎല്ലില്‍ നിറംമങ്ങുന്നത് ബിസിസിഐ സമ്മര്‍ദ്ദത്തിലാക്കിക്കഴിഞ്ഞു. ഈ സാഹചര്യത്തില്‍ ഐപിഎല്ലിനുശേഷം ലോക കപ്പ് ടീമില്‍ ചില കൂട്ടിച്ചേര്‍ക്കലുകളുണ്ടായാല്‍ അതിശയിക്കേണ്ടതില്ല.