ബംഗ്ലാദേശിന് എതിരായ ടെസ്റ്റ് പരമ്പര: ചിത്രത്തിലേ ഇല്ലാത്ത താരത്തിന് ഇന്ത്യന്‍ ടീമിലേക്ക് വിളി!

ഇടംകൈയന്‍ പേസര്‍ ജയദേവ് ഉനദ്കട്ടിനെ ബംഗ്ലാദേശ് ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടുത്തി. മുഹമ്മദ് ഷമിക്ക് പകരക്കാരനായാണ് ഉനദ്കട്ടിനെ വിളിച്ചിരിക്കുന്നത്. ഉനദ്കട്ട് അടുത്തിടെ സൗരാഷ്ട്രയെ വിജയ് ഹസാരെ ട്രോഫി വിജയത്തിലെത്തിച്ചിരുന്നു. പരിക്കിനെ തുടര്‍ന്നാണ് ഷമിയുടെ പിന്മാറ്റം.

വിസ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ കാത്തിരിക്കുന്ന ഉനദ്കട്ട് ഇപ്പോള്‍ രാജ്കോട്ടിലാണുള്ളത്. അടുത്ത രണ്ട് ദിവസത്തിനുള്ളില്‍ അദ്ദേഹം ഇന്ത്യന്‍ ടെസ്റ്റ് ടീമിനൊപ്പം ചേരും. ബംഗ്ലാദേശില്‍ രണ്ട് ടെസ്റ്റുകളാണ് ഇന്ത്യ കളിക്കാനൊരുങ്ങുന്നത്.

31 കാരനായ ഇടങ്കയ്യന്‍ പേസര്‍ 2010ല്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരെ സെഞ്ചൂറിയനില്‍ തന്റെ ഏക ടെസ്റ്റ് മത്സരം കളിച്ചത്. അതിനുശേഷം, ഏഴ് ഏകദിനങ്ങളും 10 ടി20കളും ഇന്ത്യയ്ക്കായി കളിച്ചിട്ടുണ്ട്.

നിലവിലെ ഫോമിന്റെ അടിസ്ഥാനത്തിലാണ് പരിചയസമ്പന്നനായ പേസറെ തിരഞ്ഞെടുത്തതെന്ന് സ്രോതസ്സുകള്‍ പറയുന്നു. ഇപ്പോള്‍ സമാപിച്ച വിജയ് ഹസാരെ ട്രോഫിയില്‍ 10 കളികളില്‍ നിന്ന് 19 വിക്കറ്റ് വീഴ്ത്തി ഉനദ്കട്ട് ടൂര്‍ണമെന്റിലെ ഏറ്റവും മികച്ച വിക്കറ്റ് വേട്ടക്കാരനായിരുന്നു.