ചരിത്രനേട്ടത്തില്‍ ബുംറ, മറ്റൊരു ഇന്ത്യന്‍ പേസര്‍ക്കും അവകാശപ്പെടാൻ ഇല്ലാത്തത്!

ടി20യില്‍ 250 വിക്കറ്റുകള്‍ നേടുന്ന ആദ്യത്തെ ഇന്ത്യന്‍ പേസറെന്ന റെക്കോഡ് സ്വന്തമാക്കി ജസ്പ്രീത് ബുംറ. സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരായി ഇന്നലെ നടന്ന മത്സത്തില്‍ അവസാന ഓവറിലെ അവസാന പന്തില്‍ വാഷിംഗ്ടണ്‍ സുന്ദറെ ക്ലീന്‍ബൗള്‍ഡാക്കിയതോടെയാണ് ബുംറ ഈ ചരിത്ര നേട്ടത്തിലേക്ക് എത്തിയത്.

ഇന്ത്യക്കായി 57 ടി20യില്‍ നിന്ന് 67 വിക്കറ്റും 119 ഐപിഎല്ലില്‍ നിന്നായി 142 വിക്കറ്റുമാണ് ബുംറയുടെ പേരിലുള്ളത്. ശേഷിക്കുന്ന വിക്കറ്റുകള്‍ മറ്റ് ടി20 മത്സരങ്ങളിലൂടെ സ്വന്തമാക്കിയതാണ്.

ഇത്തവണത്തെ ഐപിഎല്ലില്‍ അത്രമികച്ച തുടക്കമല്ല താരത്തിന് ലഭിച്ചത്. എന്നാല്‍ അവസാന മത്സരങ്ങളിലേക്ക് എത്തിയപ്പോള്‍ ബുംറ ഫോമിലേക്ക് മടങ്ങിയെത്തിയിരിക്കുകയാണ്. ഈ സീസണില്‍ 13 മത്സരത്തില്‍ നിന്ന് 12 വിക്കറ്റാണ് ബുംറക്ക് നേടാനായത്. ഇതില്‍ ഒരു അഞ്ച് വിക്കറ്റ് പ്രകടനവും ഉള്‍പ്പെടും.

ഇന്ത്യയുടെ ടി20 വിക്കറ്റ് വേട്ടക്കാരില്‍ രണ്ടാം സ്ഥാനത്ത് ഭുവനേശ്വര്‍ കുമാറാണ്. 223 വിക്കറ്റാണ് നിലവില്‍ അദ്ദേഹത്തിന്റെ പേരിലുള്ളത്. ഇന്ത്യക്കായി 59 ടി20യില്‍ നിന്ന് 58 വിക്കറ്റും 145 ഐപിഎല്ലില്‍ നിന്നായി 153 വിക്കറ്റുകളുമാണ് ഭുവനേശ്വര്‍ കുമാറിന്റെ പേരിലുള്ളത്.