വജ്രായുധത്തിന് ടെസ്റ്റ് അരങ്ങേറ്റം, ഇംഗ്ലണ്ട് ടീം പ്രഖ്യാപിച്ചു

ലോക കപ്പിലെ തകര്‍പ്പന്‍ പ്രകടനത്തെ തുടര്‍ന്ന് ഇംഗ്ലണ്ട് ഓപ്പണര്‍ ജയ്‌സന്‍ റോയിക്ക് ടെസ്റ്റ് ടീമില്‍ അരങ്ങേറ്റം. ഓഗസ്റ്റ് ഒന്നിന് എജ്ബാസ്റ്റണില്‍ ആരംഭിക്കുന്ന ഇംഗ്ലണ്ട് ഓസ്‌ട്രേലിയ ആഷസ് പരമ്പരയ്ക്കുള്ള ടീമില്‍ സെലക്ടര്‍മാര്‍ ജയ്‌സന്‍ റോയിയെയും ഉള്‍പ്പെടുത്തി.

ഇതിനു മുന്നോടിയായി അടുത്തയാഴ്ച ലോഡ്‌സില്‍ നടക്കുന്ന ഇംഗ്ലണ്ട് അയര്‍ലന്‍ഡ് നാല് ദിന ടെസ്റ്റിലും റോയ് കളിക്കും. ചുവപ്പു പന്തില്‍ പരിശീലനം ഉദ്ദേശിച്ചാണിത്.

ദക്ഷിണാഫ്രിക്കയില്‍ ജനിച്ച ജയ്‌സന്‍ റോയ് ലോക കപ്പില്‍ 443 റണ്‍സ് നേടി ടീമിന്റെ വിജയങ്ങളില്‍ നിര്‍ണായക പങ്കുവഹിച്ചിരുന്നു. റോയുടെ ടെസ്റ്റ് അരങ്ങേറ്റം വലിയ ആവേശത്തോടെയാണ് ക്രിക്കറ്റ് ലോകം സ്വീകരിക്കുന്നത്.

അതേസമയം, പരിക്കേറ്റ മാര്‍ക്ക് വുഡ്, ജോഫ്ര ആര്‍ച്ചര്‍ എന്നിവര്‍ അയര്‍ലന്‍ഡിനെതിരായ മത്സരത്തില്‍ കളിക്കില്ല. ബെന്‍ സ്റ്റോക്‌സിനും ജോസ് ബട്ട്‌ലര്‍ക്കും ഈ മത്സരത്തില്‍ വിശ്രമം അനുവദിച്ചിട്ടുണ്ട്.