ടെസ്റ്റില്‍ 600 വിക്കറ്റ്; ആന്‍ഡേഴ്സണ് റെക്കോഡ് നേട്ടം

ടെസ്റ്റ് ക്രിക്കറ്റില്‍ 600 വിക്കറ്റുകള്‍ നേടുന്ന ലോകത്തിലെ ആദ്യത്തെ ഫാസ്റ്റ് ബൗളറായി ഇംഗ്ലണ്ടിന്റെ ഇതിഹാസ പേസര്‍ ജെയിംസ് ആന്‍ഡേഴ്സണ്‍. പാകിസ്ഥാനെതിരായ മൂന്നാം ടെസ്റ്റിലാണ് ആന്‍ഡേഴ്‌സണ്‍ ഈ നേട്ടത്തിലെത്തിയത്. രണ്ടാം ഇന്നിംഗ്സില്‍ പാകിസ്ഥാന്റെ ക്യാപ്റ്റന്‍ അസ്ഹര്‍ അലിയെ പുറത്താക്കിയതോടെയാണ് ആന്‍ഡേഴ്‌സണ്‍ 600 വിക്കറ്റ് എന്ന നേട്ടം കൈക്കലാക്കിയത്.

600 വിക്കറ്റ് നേട്ടത്തിലെത്തുന്ന നാലാമത്തെ മാത്രം ബൗളറാണ് ആന്‍ഡേസണ്‍. ഇതിന് മുമ്പ് സ്പിന്നര്‍മാരായ മുത്തയ്യ മുരളീധരന്‍, ഷെയ്ന്‍ വോണ്‍, അനില്‍ കുംബ്ലെ എന്നിവരാണ് 600 വിക്കറ്റ് നേടിയിട്ടുള്ളത്. 800 വിക്കറ്റുകളാണ് ലങ്കന്‍ താരമായിരുന്ന മുരളീധരന്റെ അക്കൗണ്ടിലുള്ളത്. ഓസീസിന്റെ മുന്‍താരം വോണ്‍ വീഴ്ത്തിയത് 708 ടെസ്റ്റ് വിക്കറ്റുകളാണ്. അനില്‍ കുംബ്ലെ 619 വിക്കറ്റ് നേടിയിട്ടുണ്ട്.

Image

156 ടെസ്റ്റുകളില്‍ നിന്നാണ് ആന്‍ഡേഴ്സന്‍ 600 വിക്കറ്റുകള്‍ പൂര്‍ത്തിയാക്കിയത്. നേരത്തേ ടെസ്റ്റില്‍ ഏറ്റവുമധികം വിക്കറ്റുകളെടുത്ത ഫാസ്റ്റ് ബൗളറെന്ന റെക്കോഡ് ഓസ്ട്രേലിയന്‍ ഇതിഹാസം ഗ്ലെന്‍ മഗ്രാത്തിന്റെ പേരിലായിരുന്നു. 563 വിക്കറ്റുകളായിരുന്നു അദ്ദേഹം നേടിയത്. ഈ റെക്കോഡ് 2018-ല്‍ ഇന്ത്യക്കെതിരേ നടന്ന ഓവല്‍ ടെസ്റ്റില്‍ ആന്‍ഡേഴ്സണ്‍ മറികടന്നിരുന്നു.


മഴ രസംകൊല്ലിയായെത്തിയ ഇംഗ്ലണ്ട്- പാക് മൂന്നാം ടെസ്റ്റ് സമനിലയില്‍ പിരിഞ്ഞിരുന്നു. ഇതോടെ മൂന്ന് ടെസ്റ്റുകളടങ്ങിയ പരമ്പര 1-0 ന് അതിഥേയരായ ഇംഗ്ലണ്ട് സ്വന്തമാക്കി. രണ്ടാം ടെസ്റ്റും സമനിലയില്‍ പിരിഞ്ഞപ്പോള്‍ ഒന്നാം ടെസ്റ്റില്‍ ഇംഗ്ലണ്ട് ജയിച്ചിരുന്നു.