ആന്‍ഡേഴ്‌സണ്‍ സ്ലെഡ്ജിംഗ് വീരനെന്ന് സ്മിത്ത്

അഡ്ലെയ്ഡ്: ആഷസ് പരമ്പര പുരോഗമിക്കുന്നതിനിടെ ഇംഗ്ലീഷ്-ഓസീസ് താരങ്ങള്‍ തമ്മിലുളള പോര് മൂര്‍ധന്യത്തില്‍. ഇംഗ്ലീഷ് പേസ് ബൗളര്‍ ജെയിംസ് ആന്‍ഡേഴ്സണെതിരെ രൂക്ഷ വിമര്‍ശനവുമായി ഓസീസ് നായകന്‍ സ്റ്റീവ് സ്മിത്ത് രംഗത്ത്ത വന്നു. ആന്‍ഡേഴ്‌സണെ സ്ലെഡ്ജിങ്ങിന്റെ ആശാനാണെന്നാണ് സ്റ്റീവ് സ്മിത്ത് വിശേഷിപ്പിച്ചത്.

അഡ്ലെയ്ഡില്‍ ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിന് മുന്നോടിയായി മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു സ്മിത്ത്.

ബ്രിസ്ബെയ്ന്‍ ടെസ്റ്റ് സ്പോര്‍ട്സ്മാന്‍ സ്പിരിറ്റിലാണ് കളിച്ചതെന്നും അതിര്‍വരമ്പുകള്‍ ഭേദിച്ച് മോശമായ രീതിയില്‍ പെരുമാറിയിട്ടില്ലെന്നും സ്മിത്ത് ചൂണ്ടിക്കാട്ടി.

നേരത്തെ ബ്രിട്ടീഷ് മാധ്യമത്തിലെഴുതിയ ഒരു കോളത്തില്‍ ആന്‍ഡേഴ്സണ്‍ ഓസ്ട്രേലിയന്‍ താരങ്ങളെ വിമര്‍ശിച്ചിരുന്നു. ഓസീസ് താരങ്ങള്‍ വീമ്പു പറയുന്നവരാണെന്നായിരുന്നു ആന്‍ഡേഴ്സണന്റെ പരിഹാസം. ഇതിനുള്ള മറുപടിയായാണ് സ്മിത്ത് ഇത്തരത്തില്‍ പ്രതികരിച്ചത്.

സത്യം പറയുകയാണെങ്കില്‍ ആന്‍ഡേഴ്സണാണ് കളിക്കളത്തില്‍ ഏറ്റവും കൂടുതല്‍ ചീത്ത പറയുന്നവനെന്നും ആന്‍ഡേഴ്സണ് എഴുതിയത് വായിച്ചുവെന്നും സ്മിത്ത് വ്യക്തമാക്കി. ബ്രിസ്ബെയ്നില്‍ നടന്ന ആദ്യ ടെസ്റ്റില്‍ ഓസ്ട്രേലിയന്‍ ബൗളര്‍മാരുടെ ഷോര്‍ട്ട് പിച്ച് പന്തിനെതിരെ അമ്പയറോട് പരാതിപ്പെട്ടിരുന്നു. ആതിഥേയ ടീമില്‍ നിന്ന് ഇത്തരത്തിലൊരു പ്രവൃത്തിയുണ്ടായത് സഹിക്കാവുന്നതിന് അപ്പുറമാണെന്നും ആന്‍ഡേഴ്സണ്‍ വ്യക്തമാക്കിയിരുന്നു.