ഓഗസ്റ്റ് 15-നു ശേഷം ഇന്ത്യയോട് 'കളിക്കാന്‍' വരരുതെന്ന് ഇംഗ്ലണ്ടിനോട് ജാഫര്‍

ക്രിക്കറ്റില്‍ സജീവമായിരുന്ന നാളുകളില്‍ ഇന്ത്യക്കായി അധികം മത്സരങ്ങളൊന്നും കളിക്കാന്‍ വസീം ജാഫറിന് യോഗമുണ്ടായില്ല. എന്നാല്‍ ഇപ്പോള്‍ ആരെക്കാളും നന്നായി ഇന്ത്യക്കുവേണ്ടി സ്‌കോര്‍ ചെയ്യാന്‍ ജാഫറിന് സാധിക്കുന്നുണ്ട്. പക്ഷേ, അത് ട്വിറ്ററിലാണെന്ന് മാത്രം. ലോര്‍ഡ്‌സില്‍ ഇംഗ്ലണ്ടിനുമേല്‍ വിരാട് കോഹ്ലിയും സംഘവും ത്രസിപ്പിക്കുന്ന ജയം സ്വന്തമാക്കിയതിനു പിന്നാലെ ജാഫര്‍ ട്വിറ്ററില്‍ കുറിച്ച വാക്കുകള്‍ സൂപ്പര്‍ ഹിറ്റായി.

ഓഗസ്റ്റ് 15 എന്തെങ്കിലും ബ്രിട്ടീഷുകാരെ പഠിപ്പിച്ചിട്ടുണ്ടെങ്കില്‍, അത് ഓഗസ്റ്റ് 15നുശേഷം ഇന്ത്യയോട് ഒരിക്കലും മുട്ടരുതെന്ന തിരിച്ചറിവായിരിക്കുമെന്നാണ് ജാഫര്‍ ട്വീറ്റ് ചെയതത്. സച്ചിന്റെ വാക്കുകളെ അടിസ്ഥാനമാക്കി ജാഫറിന്റെ മറ്റൊരു ട്വീറ്റും ആരാധകരെ രസിപ്പിച്ചു. സച്ചിന്റെ വാക്യം കടമെടുത്ത് പറയട്ടെ, ആളുകള്‍ കല്ലുകള്‍ എറിയുന്നു. നിങ്ങള്‍ അതിനെ നാഴികക്കല്ലുകളാക്കുന്നു. അഭിനന്ദനങ്ങള്‍ വിരാട് കോഹ്ലി എന്നായിരുന്നു ജാഫറിന്റെ മറ്റൊരു വൈറല്‍ ട്വീറ്റ്.

അവസാന ദിവസംവരെ ഇംഗ്ലണ്ടിന് വിജയ പ്രതീക്ഷയുണ്ടായിരുന്ന ലോര്‍ഡ്‌സ് ടെ്‌സ്റ്റില്‍ 151 റണ്‍സിനാണ് ഇന്ത്യ ജയിച്ചത്. ഇന്ത്യ മുന്നില്‍വച്ച 272 റണ്‍സെന്ന ലക്ഷ്യം തേടിയ ഇംഗ്ലണ്ട് വെറും 120ന് പുറത്താവുകയായിരുന്നു.