ഫൈനലില്‍ ഇന്ത്യ കളത്തില്‍ ഇറങ്ങുക കിടുക്കാച്ചി ലുക്കില്‍; സര്‍പ്രൈസ് പൊളിച്ച് ജഡേജ

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഇന്ത്യന്‍ ടീം അണിയാല്‍ പോകുന്ന ജേഴ്‌സിയുടെ സൂചനകള്‍ പുറത്തുവിട്ട് ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജ. ജഡേജ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ചിത്രമാണ് ആരാധകരെ ഇളക്കിമറച്ചിരിക്കുന്നത്.

പുറത്തിറങ്ങി നിമിഷ നേരം കൊണ്ട് ചിത്രം വൈറലായിരിക്കുകയാണ്. “റിവൈന്‍ഡ് ടു 90സ്” എന്നാണ് ജഡേജ ഫോട്ടോ പങ്കുവെച്ച് കുറിച്ചത്. ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ എന്നുള്ള എഴുത്തും ഐ.സി.സി ലോഗോയും ബി.സി.സി.ഐ ലോഗോയും ജേഴ്‌സിയിലുണ്ട്.

പരമ്പരാഗ വൂളന്‍ സ്വെറ്ററാണ് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഇന്ത്യന്‍ ടീം അണിയാന്‍ പോവുന്നത്. വി ഷെയ്പ്പിലെ കഴുത്തിന് ചുറ്റും കടും നീല നിറത്തിലെ വരകളുണ്ട്. ഇത് ജേഴ്‌സിയെ കൂടുതല്‍ ആകര്‍ഷകമാക്കുന്നു. ഫൈനലില്‍ ഇന്ത്യന്‍ ടീം അണിയാന്‍ പോവുന്ന ജേഴ്‌സി ഉടനെ തന്നെ ഔദ്യോഗികമായി പുറത്തിറക്കും എന്നാണ് വിവരം.

ജൂണ്‍ 18 നാണ് ന്യൂസിലന്‍ഡിനെതിരായ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ പോരാട്ടം. നിലവില്‍ ഇന്ത്യന്‍ താരങ്ങളെല്ലാം നാട്ടില്‍ ക്വാറന്റെയ്നിലാണ്. എട്ട് ദിവസത്തെ ക്വാറന്റെയ്ന്‍ പൂര്‍ത്തിയാക്കി ജൂണ്‍ 2നാണ് ഇന്ത്യ ഇംഗ്ലണ്ടിലേക്ക് പുറപ്പെടും.